കാബൂൾ: കാബൂളിലെ പള്ളിക്ക് നേരെ നടന്ന ബോംബ് ആക്രമണത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരം 7: 25ന് വസീർ അക്ബർ ഖാൻ പള്ളിയെ ലക്ഷ്യമിട്ടാണ് ബോംബ് ആക്രമണം നടന്നതെന്ന് അഫ്ഗാനിസ്ഥാൻ ആഭ്യന്തര മന്ത്രാലയ വക്താവ് താരിഖ് അരിയൻ പറഞ്ഞു. പരിക്കേറ്റവരിൽ മുല്ല മുഹമ്മദ് അയാസ് നയാസി ഉൾപ്പെടുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ഇസ്ലാമിക് സ്റ്റേറ്റ് കാബൂളിൽ സജീവമാണ്. ഇതിന് മുമ്പും അഫ്ഗാനിസ്ഥാനിലെ പള്ളികൾക്കുള്ളിൽ ആക്രമണം നടത്തിയിട്ടുണ്ട്. കാബൂളിലെ പ്രാദേശിക ടിവി സ്റ്റേഷന്‍റെ ബസിന് നേരെയുണ്ടായ ബോംബ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. കഴിഞ്ഞ മാസം വടക്കൻ പർവാൻ പ്രവിശ്യയിലെ പള്ളിയിൽ അജ്ഞാതർ നടത്തിയ ആക്രമണത്തിൽ 11 ആരാധകർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.