ടോക്കിയോ : തലസ്ഥാന നഗരമായ ടോക്കിയോയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയായ അറ്റാമിയിലുണ്ടായ ഉരുള്‍പ്പെട്ടലില്‍ രക്ഷാപ്രവർത്തനം തുടരുന്നു. ആയിരത്തിലധികം സൈനികരും അഗ്നിശമന സേനാംഗങ്ങളും പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്‌ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. സംഭവത്തില്‍ രണ്ട് പേർ കൊല്ലപ്പെടുകയും 20 ഓളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
19 പേരെ രക്ഷപ്പെടുത്തിയതായും 130 വീടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും പ്രധാനമന്ത്രി യോഷിഹിഡെ സുഗ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അടിയന്തര മന്ത്രിസഭായോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടത്തില്‍പ്പെട്ടവരുടെ എണ്ണം കൂടാനിടയുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
also read: ജപ്പാനിൽ കനത്ത മഴ തുടരുന്നു; മരണം 59 ആയി
'പ്രദേശത്ത് ഇപ്പോഴും കനത്ത മഴയുണ്ട്, എങ്കിലും രക്ഷാപ്രവർത്തനങ്ങൾ തുടരും. ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകാതിരിക്കാൻ വേണ്ട മുൻകരുതലുകള്‍ സ്വീകരിക്കാൻ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി.
രക്ഷാപ്രവർത്തനും കഴിയുന്നതും വേഗത്തിലാക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. തെരുവിലേക്ക് ഒഴുകിയെത്തിയ ചെളി നീക്കം ചെയ്യാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്.
ദിവസങ്ങൾക്കുമുമ്പ് ആരംഭിച്ച കനത്ത മഴയെത്തുടർന്ന് ശനിയാഴ്ച പുലർച്ചെയുണ്ടായ മണ്ണിടിച്ചിൽ ഒരു വലിയ മലയെ പൂർണമായി തെരുവിലേക്കെത്തിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ മണ്ണിടിച്ചിലിന്‍റെ ഭീകരത വ്യക്തമാക്കുന്ന ഒന്നായിരുന്നു.