ടോക്കിയോ : ഹോട്ടലിന്‍റെ മുകൾ നിലയിൽ നിന്ന് വീണ് ജാപ്പനീസ് നടിയും ഗായികയുമായ സയാക കാണ്ഡ(35) കൊല്ലപ്പെട്ടു. വടക്കൻ ഹോക്കൈഡോ ദ്വീപിലെ ഹോട്ടലിൽ നിന്നാണ് കാണ്ഡ വീണത്. ഡിസംബർ 18ന് രാത്രി 9.40ഓടെയായിരുന്നു സംഭവം. നടിയുടെ മരണം സ്ഥിരീകരിച്ച് കാണ്ഡയുടെ ഏജൻസി പ്രസ്‌താവനയിറക്കി.
ഡിസ്‌നിയുടെ "ഫ്രോസൺ" എന്ന ചിത്രത്തിന്‍റെ ജപ്പാൻ പതിപ്പിൽ അന്ന എന്ന കഥാപാത്രത്തിന് ശബ്‌ദം നൽകിയതാണ് കരിയറില്‍ വഴിത്തിരിവായത്. പ്രശസ്‌ത ഗായികയും നടിയുമായ മാറ്റ്‌സുദ സീക്കോയുടെയും കാണ്ഡ മസാക്കിയുടെയും മകളാണ് സയാക കാണ്ഡ.
ശനിയാഴ്ച സപ്പോറോ തിയേറ്ററിൽ 'മൈ ഫെയർ ലേഡി' എന്ന മ്യൂസിക്കലിൽ പ്രധാന വേഷം അവതരിപ്പിക്കാനിരിക്കെയാണ് താരത്തെ 22ാം നിലയിൽ നിന്ന് വീണ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.