ടോക്കിയോ: ഹേഷെൻ ചുഴലിക്കാറ്റ് അടുത്ത ദിവസങ്ങളിൽ തെക്ക് പടിഞ്ഞാറൻ ജപ്പാനിൽ ആഞ്ഞടിക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് രാജ്യം ജാഗ്രതയിൽ. രാജ്യത്തെ 22,000ത്തോളം സ്വയം പ്രതിരോധ സൈനികർക്ക് സാഹചര്യം വിലയിരുത്താൻ ജാഗ്രതാ നിർദേശം നൽകിയെന്ന് ജാപ്പനീസ് പ്രതിരോധ മന്ത്രി താരോ കോനോ പറഞ്ഞു. സൈനികർ ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചുഴലിക്കാറ്റ് സുനാമി തിരകൾക്ക് സമാനമായ തിരമാലകളെ സൃഷ്‌ടിച്ചേക്കാമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്‍റെ കേന്ദ്രഭാഗത്തെ മർദം 920 ഹെക്‌ടോപാസ്‌കലും കാറ്റിന്‍റെ വേഗത മണിക്കൂറിൽ 180 കിലോമീറ്ററും ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ ആറ്, ഏഴ് തീയതികളിൽ ജപ്പാനിലെ ക്യുഷു ദ്വീപിൽ ഹേഷെൻ ചുഴലിക്കാറ്റ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചുഴലിക്കാറ്റിന്‍റെ സാഹചര്യത്തിൽ തുടർന്ന് ഇന്ന് തെക്ക് പടിഞ്ഞാറൻ ജപ്പാനിലെ നൂറോളം വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്