മോസ്കോ: രണ്ട് ദിവസത്തെ റഷ്യൻ സന്ദർശനത്തിനെത്തിയ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ചൊവ്വാഴ്ച മോസ്കോയിലെ ഇന്ത്യൻ എംബസിയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. ഇന്തോ-പസഫിക്കിനെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാട്' എന്ന വിഷയത്തിൽ മോസ്കോ ആസ്ഥാനമായുള്ള വാൽഡായ് ക്ലബ്ബില്‍ പ്രഭാഷണം നടത്തി.
നാല്‍പത് വര്‍ഷത്തിന് ശേഷമാണ് റഷ്യയിൽ വരുന്നതെന്നും ലോകം മാറിയെങ്കിലും ഇന്ത്യ-റഷ്യ ബന്ധം ഇന്നും സ്ഥിരമായി തുടരുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഉഭയകക്ഷി സഹകരണവും സാമ്പത്തിക ബന്ധവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി ചര്‍ച്ച നടത്തും. വ്യാപാരം, നിക്ഷേപം, സൈനിക, ശാസ്ത്ര-സാങ്കേതിക സഹകരണം, ബഹിരാകാശ പര്യവേക്ഷണത്തിലുള്ള ഭാവി പദ്ധതികൾ തുടങ്ങിയവ ഇരു നേതാക്കളും ചർച്ച ചെയ്യും.