2020 ഓഗസ്റ്റ് 13ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സും (യുഎഇ) ഇസ്രായേലും തമ്മില്‍ സമ്പൂര്‍ണ നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനും, ഉഭയകക്ഷി ബന്ധങ്ങള്‍ സാധാരണ സ്ഥിതിയിലാക്കുന്നതിനും വേണ്ടി ഒപ്പു വെച്ച എബ്രഹാം കരാർ ഈ നൂറ്റാണ്ടിന്‍റെ തുടക്കം മുതല്‍ പടിഞ്ഞാറന്‍ ഏഷ്യയില്‍ സംജാതമായിട്ടുള്ള സംഘര്‍ഷ ഭരിതമായ സ്ഥിതിഗതികള്‍ കുറച്ച് കൊണ്ടു വരുവാന്‍ നടത്തിയ ആദ്യത്തെ നിര്‍ണായക ചുവടായി മാറി.
അറബ്-ഇസ്രായേല്‍ ബന്ധങ്ങളില്‍ ഉണ്ടായിരിക്കുന്ന ഈ പുതിയ സമവാക്യങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പടിഞ്ഞാറന്‍ ഏഷ്യൻ മേഖലയില്‍ പ്രധാന പങ്ക് വഹിക്കുന്നതിനുള്ള അവസരമൊരുക്കുകയാണ്. പ്രത്യേകിച്ചും ഇസ്രായേലുമായും യുഎഇയുമായും വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ ഏഴ് ദശാബ്‌ദങ്ങളിലധികമായി അറബ്-ഇസ്രയേല്‍ ബന്ധങ്ങളെ കയ്‌പേറിയതാക്കി മാറ്റിയ സ്ഥിതി വിശേഷങ്ങള്‍ക്കെല്ലാം സമാധാനപരമായ ഒരു പരിഹാരം കൊണ്ടു വരുവാനുള്ള സ്വാധീനം സൃഷ്ടിക്കാന്‍ പോലും ഇന്ത്യക്ക് കഴിഞ്ഞേക്കും. വര്‍ഷങ്ങളോളമായി ശ്രമിച്ചു വരികയായിരുന്ന ഈ കരാറില്‍ അതിനുള്ള എല്ലാ സാധ്യതകളും ഉള്‍കൊള്ളുന്നുണ്ട്.
യുഎഇ യുവ രാജാവായ പ്രായോഗിക ബുദ്ധിയുള്ള മുഹമ്മദ് ബിന്‍ സയ്യദ് അല്‍ നഹ്യാനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതാന്യഹൂവും തമ്മില്‍ ഒപ്പു വെച്ച ഈ കരാര്‍, ഈ മേഖലയിലെ ഏറ്റുമുട്ടലുകളുടെ രാഷ്ട്രീയത്തെ മാറ്റി മറിക്കുവാന്‍ കെല്‍പ്പുള്ളതാണ്. പ്രത്യേകിച്ചും കൂടുതല്‍ അറബ് രാജ്യങ്ങള്‍ ഇസ്രായേലിനെ അംഗീകരിച്ചാല്‍ പുതിയ മാറ്റത്തിന് സാധ്യമാകും. അങ്ങനെ വന്നാല്‍ അത് ഇസ്രായേലും പാലസ്തീന്‍ അധികൃതരും തമ്മിലുള്ള ചര്‍ച്ചകള്‍ ഒരു പരിധി വരെ തിരിച്ചു കൊണ്ടു വരുവാനുള്ള ശ്രമം കൂടിയായി മാറാന്‍ ഇടയുണ്ട്. പാലസ്തീന്‍ രാജ്യം എന്ന സാധ്യത വളരെ വിദൂരമാണെങ്കില്‍ പോലും പുതിയ മാറ്റങ്ങള്‍ക്ക് അത് തുടക്കം കുറിച്ചേക്കും.
യുഎഇയുടെ പ്രമുഖ പ്രാദേശിക സഖ്യ രാജ്യമായ സൗദി അറേബ്യ പാലസ്തീന്‍ എന്ന രാഷ്ട്രം യാഥാര്‍ഥ്യമായാല്‍ മാത്രമേ സമാനമായ ഒരു കരാറില്‍ ഏര്‍പ്പെടുന്ന കാര്യം തങ്ങളും പരിഗണിക്കുകയുള്ളൂ എന്ന് നിബന്ധന വെച്ചിരിക്കുന്നതിനാല്‍ സൗദിയേയും ഈ മുന്നേറ്റങ്ങളുടെ ഭാഗമാക്കി മാറ്റുക തന്നെ ചെയ്യും എന്നുള്ള കാര്യത്തില്‍ സംശയമേതുമില്ല. പ്രത്യേകിച്ച് പാലസ്തീന്‍ അധികൃതര്‍ക്ക് നീരസമുണ്ടാക്കി കൊണ്ട് സമാനമായ രീതിയില്‍ ഈ കരാര്‍ നിര്‍ണായകമാവുന്നതും മറ്റ് പ്രമുഖ അറബ് രാജ്യങ്ങളുടെ കണ്ണില്‍ ഇസ്രായേലിനെ പാലസ്തീനില്‍ നിന്നും വേര്‍തിരിച്ച് കാണുവാനുള്ള ഇടമുണ്ടാക്കും എന്നുള്ളതിനാലാണ്. ഈജിപ്തിനും ജോര്‍ദാനിനും ശേഷം ദശാബ്ദങ്ങള്‍ കഴിഞ്ഞ് ഇസ്രായേലുമായി വീണ്ടും ഒരു അറബ് രാജ്യം കരാറില്‍ ഏര്‍പ്പെടുന്നത് ഇതാദ്യമായാണ്.
ഇസ്രായേലിനെ പാലസ്തീനില്‍ നിന്നും വേര്‍തിരിച്ച് കാണുന്ന പ്രക്രിയ ഇന്ത്യ 2017 ജൂലൈയില്‍ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേല്‍ സന്ദര്‍ശിച്ച വേളയിലായിരുന്നു അത്. ആ രാജ്യത്തേക്ക് ആദ്യമായി സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു നരേന്ദ്രമോദി. അന്ന് അദ്ദേഹം പാലസ്തീന്‍ സന്ദര്‍ശിച്ചതുമില്ല. അതിലൂടെ അദ്ദേഹം ഇരു രാഷ്ട്രങ്ങളുമായുള്ള നയങ്ങളെ വ്യക്തമായും രണ്ടാക്കി തന്നെ മാറ്റുകയായിരുന്നു.
1992ല്‍ ഇന്ത്യയും ഇസ്രായേലും നയ തന്ത്രങ്ങള്‍ സ്ഥാപിച്ചതിനു ശേഷം ഇസ്രായേലുമായുള്ള ഇന്ത്യയുടെ ബന്ധങ്ങളെ ചൂഴ്ന്നു നിന്നിരുന്ന ഒരു വ്യക്തതയില്ലായ്മ അതോടു കൂടി അവസാനിച്ചു. ഈ അടുത്ത ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ പ്രാധാന്യമുള്ളതായി മാറി കൊണ്ടിരിക്കുകയാണ്. അവ വലയം ചെയ്യപ്പെട്ടതും തന്ത്രപരവുമായി മാറി കഴിഞ്ഞിരിക്കുന്നു എന്ന് മാത്രമല്ല അത് പാലസ്തീനികളുമായുള്ള ഐക്യദാര്‍ഢ്യത്തിന്‍റെ പേരില്‍ “സന്തുലനം'' ചെയ്യുവാന്‍ ഇപ്പോള്‍ ഒട്ടും തന്നെ ശ്രമങ്ങള്‍ നടക്കുന്നില്ല താനും.
എബ്രഹാം കരാറിലൂടെ പാലസ്തീന്‍ അധികൃതര്‍ തങ്ങള്‍ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിയുകയാണ്. കാരണം അവര്‍ക്ക് വേണ്ടി നില കൊണ്ടിരുന്നവര്‍ പതുക്കെ അകലം പാലിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. അവര്‍ ഏത് രീതിയിലാണ് പ്രതികരിക്കാന്‍ പോകുന്നത് എന്നുള്ള കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. പക്ഷെ “കഴിഞ്ഞ 26 വര്‍ഷത്തിനുള്ളില്‍ ഇസ്രായേലും അറബ് ലോകവും തമ്മില്‍ സമാധാനം പുനസ്ഥാപിക്കുവാന്‍ ഉണ്ടായ ഏറ്റവും മഹത്തായ ചുവട് വെയ്പ്പ്'' എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതാന്യഹു വിശേഷിപ്പിച്ച, അമേരിക്കയുടെ മധ്യസ്ഥതയിലുണ്ടായ കരാറിനെ പാലസ്തീന്‍ തള്ളി കളഞ്ഞു കഴിഞ്ഞു. അതേ സമയം ഇതിന്‍റെ ഒരു നല്ല വശം എന്നുള്ള നിലയില്‍ തങ്ങള്‍ അധിനിവേശം സ്ഥാപിച്ച വെസ്റ്റ് ബാങ്കില്‍ കൂടുതല്‍ സ്ഥലങ്ങള്‍ കൂട്ടി ചേര്‍ക്കുന്നതും അവിടെ ജനവാസ കേന്ദ്രങ്ങള്‍ ഒരുക്കുന്നതും റദ്ദാക്കുവാന്‍ ഇസ്രായേല്‍ തയ്യാറായിരിക്കുന്നു എന്നതാണ്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇസ്രായേല്‍ ഇവിടെ തുടര്‍ച്ചയായി നടത്തി കൊണ്ടിരുന്ന അത്തരം പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയെ സംഘര്‍ഷ ഭരിതമാക്കുകയും പാലസ്‌തീന്‍റെ പ്രതിഷേധം ഉച്ചത്തിലാവുകയും ചെയ്‌തിരുന്നു. ഈയിടെ ഒപ്പു വെച്ച ഈ കരാര്‍ ഗള്‍ഫ് മേഖലയിലെ പ്രാദേശിക സുരക്ഷയുടേയും സുസ്ഥിരതയുടെയും കാര്യത്തില്‍ വളരെ വലിയ ഒരു പങ്ക് വഹിക്കാനുള്ള പുതിയ അവസരങ്ങളാണ് ഇന്ത്യക്ക് ഒരുക്കിയിരിക്കുന്നത്. ഇന്ത്യ ഇസ്രായേലുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നു എന്ന് മാത്രമല്ല, ഗള്‍ഫിലെ രാജഭരണ പ്രദേശങ്ങളായ യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായി പ്രത്യേകിച്ചും ഇന്ത്യയുടെ ബന്ധങ്ങള്‍ തന്ത്രപരമായ സ്വഭാവത്തോടു കൂടി വളര്‍ന്നു വലുതാവുകയാണ്.
ഇന്ത്യ തങ്ങളുടെ അയല്‍പക്കമായും തന്ത്രപരമായും കണക്കാക്കുന്ന ഗള്‍ഫ് രാജ്യങ്ങളുമായുള്ള അതിവേഗം മെച്ചപ്പെടുന്ന ബന്ധങ്ങള്‍ മോദി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു വിജയ കഥയാണെന്ന് മാത്രമല്ല, അത് നിര്‍ണായകമായ സുരക്ഷാ, സമ്പദ് വ്യവസ്ഥാ മേഖലകളില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ പോന്നതുമാണ്.
തന്‍റെ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ ഈ വര്‍ഷം മോദി ഇന്ത്യയുടെ ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം ആഴത്തിലായി മാറുന്നത് പ്രത്യേകം പരാമര്‍ശിച്ചിരുന്നു. കരാറില്‍ ഒപ്പിട്ടു കഴിഞ്ഞതിനു ശേഷമായിരുന്നു ഈ പ്രസംഗം. ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയുടെ ഊര്‍ജ്ജ, സുരക്ഷാ ആവശ്യങ്ങള്‍ക്കുള്ള നിര്‍ണായക പങ്കാളിത്തങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല കൊവിഡ് മഹാമാരിയുടെ കാലയളവില്‍ അതാത് രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് തുടര്‍ന്നും താമസിക്കാനുള്ള അനുവാദം നല്‍കിയതിന് അദ്ദേഹം യുഎഇ, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളോട് നന്ദി പ്രകടിപ്പിക്കുകയും ചെയ്‌തു.
ഒരു പ്രത്യേക പ്രസ്‌താവനയിലൂടെ തങ്ങളുടെ രണ്ട് തന്ത്രപരമായ പങ്കാളികള്‍ തമ്മിലുണ്ടാക്കിയ കരാറിനെ ഇന്ത്യ ഇരു കൈയ്യും നീട്ടി സ്വാഗതം ചെയ്യുകയുണ്ടായി. മാത്രമല്ല, ഈ മേഖലയിലെ സമാധാനത്തിനുള്ള മുന്നോടിയായി ഈ കരാറിനെ ഇന്ത്യ വാഴ്ത്തുകയും ചെയ്തു. പാലസ്‌തീന് നല്‍കി വരുന്ന പരമ്പരാഗത പിന്തുണ മോദി ഊന്നി പറയുകയും ചെയ്‌തു. ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ പരിഹാരം ഉണ്ടാക്കുവാന്‍ വളരെ വേഗം തന്നെ നേരിട്ടുള്ള ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന് ഇന്ത്യ പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്‌തു.
ഈ മേഖലയില്‍ തങ്ങളുടെ സമ്പദ് വ്യവസ്ഥക്ക് വേണ്ടി വലിയ കാര്യങ്ങള്‍ ആരംഭിക്കുവാന്‍ വേണ്ടി ശ്രമം നടത്തുന്നതോടൊപ്പം ഗള്‍ഫ് രാജ്യങ്ങളുമായുള്ള സുരക്ഷാ ബന്ധങ്ങളും മൂര്‍ച്ച കൂട്ടുവാന്‍ ഇന്ത്യ ആഗ്രഹിക്കുന്നു. പുതിയ സംരംഭങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ തന്നെ പുനരുജ്ജീവന ശ്രമങ്ങള്‍ക്ക് ശക്തി പകരുമെന്ന് മാത്രമല്ല, ആയുധങ്ങള്‍ വില്‍ക്കുന്നതിലൂടെയും പ്രതിരോധ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നതിലൂടെയും രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കു വെക്കുന്നതിലൂടെയും ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലൂടെയും ഒക്കെ ഈ ബന്ധം കൂടുതല്‍ ഊട്ടി ഉറപ്പിക്കുവാന്‍ ഇന്ത്യക്ക് കഴിയും. അതോടൊപ്പം ഇന്ത്യയുടെ സുരക്ഷയും കരുത്തുറ്റതാക്കാന്‍ സഹായകരമാവും.
സഹകരണത്തിന്‍റെ ഒരു പ്രധാനപ്പെട്ട മേഖലയാണ് ഊര്‍ജ്ജ സുരക്ഷ. ജൈവ ഇന്ധനം മുതല്‍ പുനരുപയോഗ ഊര്‍ജ്ജം വരെ അത് നീളുന്നു. ഭക്ഷ്യ സുരക്ഷയാണ് മറ്റൊരു മേഖല. ഇന്ത്യന്‍ വിപണിയുടെ വലിപ്പവും ഇവിടെ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവും ഗള്‍ഫ് രാജ്യങ്ങളും ഇസ്രായേലുമായുള്ള ബന്ധങ്ങളിലെ ആകര്‍ഷകമായ ഘടകങ്ങളായി മാറും.
യുഎഇയും സൗദി അറേബ്യയും പോലുള്ള അറബ് രാഷ്ട്രങ്ങളുടെ നേതാക്കന്മാര്‍ തന്നെ പാക്കിസ്ഥാനെ അകറ്റി നിര്‍ത്തിയിരിക്കുന്നത്, പ്രത്യേകിച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ പോലുള്ള ഫോറങ്ങളില്‍, ഇന്ത്യയെ സംബന്ധിച്ചിടത്തോളം മറ്റൊരു വലിയ നേട്ടമാണ്. അറബ് രാജ്യങ്ങളുമായും ഇറാനുമായും ഒരുപോലെ നല്ല ബന്ധമാണ് ഇന്ത്യ പുലര്‍ത്തുന്നത് എന്നത് ഇസ്ലാമിക ലോകത്ത് പ്രാമുഖ്യം നേടുവാന്‍ മത്സരിക്കുന്ന രാജ്യങ്ങള്‍ക്ക് അതിനുള്ള വഴി ഒരുക്കി കൊടുക്കുവാന്‍ ഇന്ത്യയെ പ്രാപ്‌തരാക്കുകയും, അസ്വസ്ഥജനകമെങ്കിലും ഒരു പ്രവര്‍ത്തനപരമായ ബന്ധം സൃഷ്ടിച്ചെടുക്കുവാന്‍ സഹായിക്കുകയും ചെയ്യും. വളരെ പ്രയാസകരമായ ഒരു കാലഘട്ടത്തില്‍ വലിയ ഒരു അവസരം പോലെയാണ് ഈ കരാര്‍ ഇന്ത്യക്ക് മുന്നില്‍ നില്‍ക്കുന്നത്. ഭൂ-സമ്പദ്, ഭൂ-തന്ത്ര വാഗ്‌ദാനങ്ങള്‍ ഒരുപോലെ മുന്നില്‍ കൊണ്ടു വന്ന് നിര്‍ത്തിയിരിക്കുകയാണ് ഈ കരാര്‍.