ജറുസലേം: ഇസ്രായേലിനെ ലക്ഷ്യം വച്ച് ഞായറാഴ്‌ച രാത്രി പലസ്‌തീന്‍ റോക്കറ്റ് വിക്ഷേപിച്ചതായി ഇസ്രായേല്‍ സൈന്യം. ഗസ മുനമ്പില്‍ നിന്ന് വിക്ഷേപിച്ച റോക്കറ്റ് പ്രതിരോധ സേന തടഞ്ഞതായി ഇസ്രായേൽ സൈന്യം വ്യക്തമാക്കി. കഴിഞ്ഞ ആഴ്‌ച ഇസ്രയേലിന്‍റെ അതിസുരക്ഷ ജയിലില്‍ നിന്നും ആറ് പലസ്‌തീനികള്‍ രക്ഷപ്പെട്ടതിനെ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതിനിടെയാണ് റോക്കറ്റ് ആക്രമണം.
ഗസയിലെ ഹമാസ് ഗ്രൂപ്പിനെ ലക്ഷ്യം വച്ച് വ്യോമാക്രമണം നടത്തിയാണ് ഇസ്രായേൽ സാധാരണയായി റോക്കറ്റ് ആക്രമണത്തോട് പ്രതികരിക്കുന്നത്. മെയ് മാസത്തിലെ യുദ്ധത്തെ തുടർന്ന് ഇസ്രയേലിനും ഹമാസിനും ഇടയിൽ ഈജിപ്‌ത്തിന്‍റെ മധ്യസ്ഥതയില്‍ ദീർഘകാല വെടിനിർത്തൽ കരാറിന് ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെയും ധാരണയിലെത്തിയിട്ടില്ല.
ധാരണയിലെത്താതെ കരാര്‍
ഗസയിലെ സാമ്പത്തിക ഉപരോധം പിൻവലിക്കണമെന്നാണ് ഹമാസിന്‍റെ ആവശ്യം. ഹമാസിന്‍റെ കൈവശമുള്ള രണ്ട് ഇസ്രായേലുകാരെ മോചിപ്പിക്കാനും രണ്ട് ഇസ്രായേൽ സൈനികരുടെ ഭൗതിക അവശിഷ്‌ടങ്ങൾ തിരികെ നൽകണമെന്നുമാണ് ഇസ്രായേലിന്‍റെ ആവശ്യം. ഇതുള്‍പ്പെടെയുള്ള വ്യവസ്ഥകളില്‍ ധാരണയാകാത്തതിനെ തുടര്‍ന്ന് ദീർഘകാല വെടിനിർത്തൽ കരാര്‍ രൂപീകരിക്കുന്നത് നീണ്ടു പോവുകയാണ്.
ഇതിനിടയിലാണ് സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ജയിലില്‍ നിന്നും നീളന്‍ തുരങ്കം ഉണ്ടാക്കി ആറ് പലസ്‌തീന്‍ തടവുകാർ രക്ഷപ്പെട്ടത്. രക്ഷപ്പെട്ട ആറ് തടവുകാരിൽ നാലുപേരെ ഇസ്രയേല്‍ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇതിന് മറുപടിയായി ഗസയിലെ സായുധ സംഘടനകള്‍ മൂന്ന് ദിവസം തുടര്‍ച്ചയായി ഇസ്രായേലിലേക്ക് റോക്കറ്റ് വിക്ഷേപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
Read more: തുരങ്കമുണ്ടാക്കി മുങ്ങി, അതിസുരക്ഷ ജയിൽചാടിയത് 6 പലസ്‌തീനികള്‍; പകച്ച് ഇസ്രയേൽ