ടെഹ്റാൻ: ഇറാനെ ആക്രമിക്കുന്ന രാജ്യം യുദ്ധഭൂമിയാക്കുമെന്ന് ഇറാൻ ഔദ്യോഗിക സേനയായ റവല്യൂഷണറി ഗാർഡ്‌സ് തലവൻ മേജർ ജനറൽ ഹുസൈൻ സലാമി. ഈ മാസം 14ന് സൗദി എണ്ണ കമ്പനിയായ അരാംകോയ്ക്ക് നേരെ ആക്രമണം നടന്നിരുന്നു. യെമനിലെ ഹൂതി വിമതർ അരംകോയ്ക്ക് നേരെയുളള ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്തെങ്കിലും, ഇതിന് പിന്നിൽ ഇറാൻ ആണെന്ന് ആരോപിച്ച് അമേരിക്ക സൗദിയിലേക്ക് കൂടുതൽ അമേരിക്കൻ സൈനികരെ അയക്കുന്ന സാഹചര്യത്തിലാണ് സലാമിയുടെ മുന്നറിയിപ്പ്.
സൗദിയും യുഎഇയും ആവശ്യപ്പെട്ടിട്ടാണ് അമേരിക്ക കൂടുതർ സേനയെ അയക്കുന്നത്. ഇറാനെതിരെ യുദ്ധം ഉടൻ ഉണ്ടാകില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്‌പർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അരംകോ ആക്രമണത്തിന് ശേഷം അമേരിക്ക ഇറാനെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തിയതും മേഖലയിൽ സംഘർഷം ശക്തമാക്കി.