ടെഹ്റാന്‍ : ദക്ഷിണ മേഖലയിലെ ഖുസെസ്ഥാൻ പ്രവിശ്യയില്‍ 50 ബില്യൻ ബാരൽ ക്രൂഡ് ഓയിൽ നിക്ഷേപമുള്ള പുതിയ എണ്ണപ്പാടം കണ്ടെത്തിയതായി ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി. ഇതിന് 2400 ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുണ്ടെന്നും ഹസന്‍ റൂഹാനി പറഞ്ഞു. ഇതോടെ രാജ്യത്ത് ആകെയുള്ള ക്രൂഡ് ഓയിൽ ശേഖരം മൂന്നിലൊന്ന് വർധിക്കുമെന്നും റൂഹാനി പ്രഖ്യാപിച്ചു. നിലവിൽ 150 ബില്യണ്‍ ബാരൽ ക്രൂഡ് ഓയിൽ നിക്ഷേപമാണ് ഇറാനിലുള്ളത്. യുഎസ് ഉപരോധത്തെത്തുടർന്ന് ഇറാന്‍റെ ക്രൂഡ് ഓയിൽ വിൽപന രാജ്യാന്തര തലത്തിൽ തടസപ്പെട്ടിരിക്കുമ്പോഴാണ് പുതിയ എണ്ണപ്പാടം കണ്ടെത്തിയതായി ഇറാന്‍ പ്രഖ്യാപിച്ചത്.
ഇറാന്‍ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ പെട്രോളിയം ശേഖരമുള്ള രാജ്യവും രണ്ടാമത്തെ വലിയ പ്രകൃതിവാതക നിക്ഷേപമുള്ള രാജ്യവുമാണ്. പുതുതായി കണ്ടെത്തിയ എണ്ണപ്പാടം ഇറാനിലെ രണ്ടാമത്തെ വലിയ എണ്ണപ്പാടമാണ്. 65 ബില്യൻ ബാരൽ ക്രൂഡ് ഓയിൽ നിക്ഷേപമുള്ള അഹ്വാസാണ് ഏറ്റവും വലുത്. എന്നാല്‍ ആണവ കരാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പേരില്‍ അമേരിക്കന്‍ ഉപരോധം നേരിടുന്നതിനാല്‍ പെട്രോളിയവും പ്രകൃതിവാതകവും മറ്റ് രാജ്യങ്ങള്‍ക്ക് വില്‍ക്കുന്നതിന് ഇറാന് സാധിക്കുന്നില്ല. ഇറാൻ ഭീകരസംഘടനകളെ സഹായിക്കുന്നുവെന്ന് ആരോപിച്ചാണ് യു.എസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് ആണവകരാറിൽ നിന്ന് പിന്മാറിയത്.