ടെഹ്‌റാന്‍: ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇറാന്‍. ഇരുരാജ്യങ്ങളിലും കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് സിവില്‍ ഏവിയേഷന്‍ ഏജന്‍സിയുടെ തീരുമാനം. ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശ പ്രകാരമാണ് തീരുമാനമെന്ന് ഐആര്‍എന്‍എ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന് സമാനമായി ഇന്ത്യയിലേക്കും രാജ്യത്തിന് പുറത്തേക്കുമുള്ള വിമാന സര്‍വീസുകള്‍ യുഎഇ, ഒമാന്‍, കുവൈറ്റ് രാജ്യങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. സമാനമായ രീതിയില്‍ 41 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് ഇറാന്‍ നിരോധനമേര്‍പ്പെടുത്തിയതായി സിവില്‍ ഏവിയേഷൻ ഓര്‍ഗനൈസേഷന്‍ വക്താവ് മുഹമ്മദ് ഹസ്സന്‍ സിബക്‌സ് പറഞ്ഞു.
കൂടുതല്‍ വായനയ്‌ക്ക് ; ഇന്ത്യയില്‍ നിന്നുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ നിര്‍ത്തി കുവൈറ്റ്
ഇറാനില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് പോകാനാഗ്രഹിക്കുന്നവര്‍ രാജ്യത്ത് തന്നെ കൊവിഡ് പരിശോധന നടത്തേണ്ടതുണ്ട്. എട്ട് വയസിന് മുകളിലുള്ള യാത്രക്കാര്‍ പുറപ്പെടുന്നതിന് 96 മണിക്കൂറുകള്‍ക്കുള്ളില്‍ ആര്‍ടി പിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. രാജ്യത്തെത്തുന്നവരും കൊവിഡ് പരിശോധനയ്‌ക്ക് വിധേയരാവണം.
24 മണിക്കൂറിനിടെ രാജ്യത്ത് 18,230 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ഇറാനില്‍ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഇരുപത്തി മൂന്ന് ലക്ഷം കടന്നു.