ഉസ്ബക്കിസ്ഥാൻ: ഭീകരവാദത്തെ ചെറുക്കാൻ നിലവിലെ അന്താരാഷ്ട്ര നിയമങ്ങളും നടപടിക്രമങ്ങളും ഇരട്ടത്താപ്പുകളില്ലാതെ നടപ്പിലാക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഭീകരവാദം സമൂഹത്തെ തുടർച്ചയായി ഉലക്കുന്നുവെന്നും വികസന പരിപാടികളെ ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഷാങ്ഹായി സഹകരണ സമിതി ഉച്ചകോടിയിലാണ് രാജ്‌നാഥ് സിംഗിന്‍റെ പരാമര്‍ശം.ഭീകരവാദത്തെ പ്രതിരോധിക്കാനുള്ള ഏക വഴി പഴുതുകളോ ഇരട്ടത്താപ്പുകളോ ഇല്ലാതെ നിയമം നടപ്പിലാക്കുന്നതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അന്താരാഷ്ട്ര സമൂഹം ഭീകരതക്കെതിരെ പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മൂന്ന് ദിവസത്തെ ഉസ്ബക്കിസ്ഥാൻ സന്ദർശനത്തിനെത്തിയ പ്രതിരോധമന്ത്രി ഷാങ്ഹായി ഉച്ചകോടിയിൽ പങ്കെടുക്കും. യോഗത്തിൽ പങ്കെടുക്കുന്ന നേതാക്കൾ ബഹുരാഷ്ട്ര സാമ്പത്തിക സഹകരണം, സാമ്പത്തിക വികസനം എന്നീ വിഷയങ്ങളിൽ ചർച്ച നടത്തുമെന്നാണ് സൂചന.
ഭീകരവാദം ബഹുമുഖവും സങ്കീർണ്ണവും അന്തർദ്ദേശീയ സ്വഭാവമുള്ളതുമാണെന്ന് രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. അവ വികസ്വര രാജ്യങ്ങളിൽ കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യം, അസമത്വം മുതലായ പ്രതികൂല സ്വാധീനം ചെലുത്തുന്നു. ഇത് ഒരുമിച്ചു നിന്നുകൊണ്ട് മാത്രം പരാജയപ്പെടുത്താൻ കഴിയുന്നതാണ്.
ഈ വിപത്തിനെ നേരിടാൻ എസ്‌സിഒ രാജ്യങ്ങൾ ഒത്തുചേരേണ്ടത് പ്രധാനമാണ്. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ പങ്കെടുക്കുന്ന സൈന്യങ്ങളുടെ അഭ്യാസങ്ങൾ ആവിഷ്കരിക്കുകയെന്ന ലക്ഷ്യത്തോടെ ഓറൻബർഗിൽ എസ്‌സിഒ സംയുക്ത സൈനികാഭ്യാസ സെന്‍റര്‍ 2019 വിജയകരമായി നടത്തിയതിന് റഷ്യയെ അഭിനന്ദിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
മേഖലയിലെ വിവിധ എസ്‌സിഒ സഹകരണ പ്രവർത്തനങ്ങളിലും സംഭാഷണ സംവിധാനങ്ങളിലും ഇന്ത്യ സജീവമായി ഏർപ്പെടുന്നുണ്ട്. എസ്‌സിഒ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് ബഹുരാഷ്ട്ര സഹകരണം കൂടുതൽ വികസിപ്പിക്കാനും ശ്രമങ്ങൾ നടത്തുന്നു. ശനിയാഴ്ച നടന്ന എസ്‌സിഒ യോഗത്തിൽ രാജ്‌നാഥ് സിംഗിനെ ഉസ്ബക്കിസ്ഥാൻ പ്രധാനമന്ത്രി അബ്ദുല്ല അരിപോവ് സ്വീകരിച്ചു. എസ്‌സിഒ യോഗത്തിൽ പങ്കെടുക്കുന്നതിന് പുറമേ പ്രതിരോധമന്ത്രി ഉസ്ബെക്കിസ്ഥാനുമായി ഉഭയകക്ഷി ചര്‍ച്ചകളും നടത്തും.