ന്യൂഡല്‍ഹി/ബീജിങ്: കൊറോണ വൈറസ് ഭീതി പടരുന്ന സാഹചര്യത്തില്‍ ചൈനയില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാൻ സിറ്റിയിൽ നിന്നുള്ള ഇന്ത്യക്കാർ ബീജിങിലെ ഇന്ത്യൻ എംബസിക്ക് പാസ്പോർട്ട് വിവരങ്ങൾ കൈമാറാൻ കേന്ദ്രം നിർദേശിച്ചു. ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ചൈനയിലെ ഇന്ത്യന്‍ എംബസി വഴിയാണ് ഏകോപിപ്പിക്കുന്നത്.
നിലവില്‍ ചൈനയിലുള്ള ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും വിദ്യാര്‍ഥികളാണ്. അഞ്ഞൂറിലധികം ഇന്ത്യൻ വിദ്യാർഥികൾ ഹുബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലെ കോളജുകളിലും സർവകലാശാലകളിലും പഠിക്കുന്നുണ്ട്. ഇന്ത്യയിൽ നിന്ന് വിമാനം അയച്ച് ഇവരെ നാട്ടിലെത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചു. കൊറോണ ബാധയിൽ ചൈനയിൽ ഇതുവരെ 106 പേർ മരിച്ചു. 5000 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 976 പേരുടെ നില ഗുരുതരമാണ്. ചൈനയിലെ വുഹാനും 17 നഗരങ്ങളുമാണ് രോഗത്തിന്‍റെ പ്രഭവകേന്ദ്രങ്ങൾ. ഇന്ത്യയിലും കനത്ത ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. പ്രധാന വിമാനത്താവളങ്ങളിൽ കർശന പരിശോധന തുടരുകയാണ്. അതേസമയം ഇന്ത്യയില്‍ ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല.