ബെയ്‌ജിങ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികൾ ശക്‌തമാക്കി ചൈന. നിരവധി ഇന്ത്യക്കാർ താമസിക്കുന്ന ഹുബെ പ്രവിശ്യയിലെ വുഹാൻ, ഹുവാങ്കാങ് നഗരങ്ങളിലേക്കുള്ള വഴികൾ അടച്ചു.കൊറോണ വൈറസിന്‍റെ പ്രഭവകേന്ദ്രമായ വുഹാനിൽ 600 കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇതിനോടകം 17 പേർ മരിക്കുകയും ചെയ്‌തു. വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് ചൈന അറിയിച്ചു.
ചൈനയിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്ന എഴുന്നൂറോളം ഇന്ത്യൻ വിദ്യാർഥികൾ വുഹാനിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്നത് ആശങ്കയുണർത്തുന്നു. ബെയ്‌ജിങ്, വുഹാൻ എന്നിവിടങ്ങളിലെ അധികാരികളുമായും ഹുബെയിലുള്ള ഇന്ത്യാക്കാരുമായും ഇന്ത്യൻ എംബസി ബന്ധപ്പെടുന്നുണ്ട്.വുഹാൻ, ഹുവാങ്കാങ് എന്നിവിടങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാർക്ക് അടയന്തര ആവശ്യത്തിനായി ഇന്ത്യൻ എംബസി ഹോട്ട്ലൈന്‍ ടെലിഫോൺ സംവിധാനം ഏർപെടുത്തി. ഈ പ്രദേശത്തെ ഇന്ത്യക്കാർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള സഹായങ്ങൾ എത്തിക്കുമെന്ന് ചൈന ഉറപ്പ് നൽകിയതായി ഇന്ത്യൻ എംബസി അറിയിച്ചു.
ചൈനയുടെ നിലവിലെ അവസ്ഥ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്നും എംബസി അറിയിച്ചു. സൂപ്പർമാർക്കറ്റുകൾ, ഭക്ഷ്യ വിതരണം ഉൾപ്പെടെയുള്ള ഇ-കൊമേഴ്‌സ് സേവനങ്ങൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. രാജ്യത്ത് താമസിക്കുന്ന വിദേശികളുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശത്തുള്ള കൗൺസിൽ പ്രതിനിധികൾക്ക് എല്ലാ സഹായങ്ങളും നൽകുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.