പോര്‍ട്ട് ലൂയിസ്: മൗറീഷ്യസ് സർക്കാരിന് ഇന്ത്യ അരലക്ഷം ഹൈഡ്രോക്സി ക്ലോറോക്വിൻ നൽകിയതായി ഇന്ത്യൻ ഹൈക്കമ്മിഷൻ അറിയിച്ചു. തങ്ങളുടെ ദീര്‍ഘകാലമായുള്ള പ്രത്യേക സൗഹൃദത്തിന്‍റെ അടയാളമായി ഇന്ത്യ അവരുടെ ആവശ്യപ്രകാരമാണ് മരുന്ന് നല്‍കിയതെന്ന് ഹൈക്കമ്മീഷനില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു. ഡല്‍ഹിയില്‍ നിന്ന് പ്രത്യേക എയര്‍ ഇന്ത്യ കാര്‍ഗോ ഫ്ലൈറ്റ് വഴിയാണ് മരുന്ന് എത്തിച്ചത്. കൊവിഡ് 19 മൂലം ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് നിയന്ത്രണം തുടരുകയാണെങ്കിലും പ്രത്യേക അവസ്ഥ കണക്കിലെടുത്ത് കയറ്റുമതി സാധ്യമാക്കിയെന്നും ഹൈക്കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.
13 ടണ്‍ അവശ്യ ജീവന്‍ രക്ഷാ മരുന്നുകളുടെ ഭാഗമാണ് മരുന്ന് വിതരണം. ചരക്കു കയറ്റുമതിയില്‍ കുറച്ച് രാജ്യങ്ങള്‍ക്ക് ഇളവ് അനുവദിച്ചതിന് ശേഷം ഈ മരുന്ന് വിതരണം ചെയ്യുന്ന ആദ്യത്തെ രാജ്യങ്ങളില്‍ ഒന്നാണ് മൗറീഷ്യസ്. അവശ്യ മരുന്നുകളുടെ ആദ്യ ചരക്കാണിത്. രണ്ടാമത്തെ ചരക്ക് അടുത്ത ആഴ്ചകളിലായി നല്‍കും. മൗറീഷ്യസുമായി മികച്ച ബന്ധമാണെന്നുള്ളതിന്‍റെ തെളിവാണ് ഇപ്പോള്‍ മരുന്ന് എത്തിച്ചതെന്ന് ഹൈക്കമ്മീഷന്‍ പറഞ്ഞു.