കാഠ്‌മണ്ഡു: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി നേപ്പാളിന് 2,000 റെംഡെസിവീർ മരുന്നുകൾ ഇന്ത്യ കൈമാറി. നേപ്പാളിലെ ഇന്ത്യൻ പ്രതിനിധി വിനയ് എം. ക്വാത്രയാണ് നേപ്പാൾ വിദേശകാര്യ മന്ത്രി പ്രദീപ് കുമാർ ഗ്യാവാലിക്ക് 2,000 റെംഡെസിവീർ മരുന്നുകുപ്പികൾ കൈമാറിയത്. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. അയൽരാജ്യത്തിന് ഇന്ത്യൻ സർക്കാർ നൽകുന്ന സഹായത്തിന്‍റെ ഭാഗമായാണ് മരുന്നുകൾ നൽകിയതെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി. ഓഗസ്റ്റ് ഒമ്പതിന് ഐസിയു വെന്‍റിലേറ്ററുകൾ, മെയ് 17 ന് കൊവിഡ് പരിശോധനാ കിറ്റുകൾ (ആർടി-പിസിആർ), ഏപ്രിൽ 22 ന് പാരസെറ്റമോൾ, ഹൈഡ്രോക്‌സിക്ലോറോക്വിൻ തുടങ്ങിയവ ഇന്ത്യ നേപ്പാളിന് കൈമാറിയിട്ടുണ്ട്.
കൊവിഡ് മഹാമാരിയെ ചെറുക്കുന്നതിനായി നേപ്പാൾ സർക്കാരിനോടും ജനങ്ങളോടും ഐക്യദാർഢ്യം പുലർത്തുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു. ഓക്‌സിജൻ തെറാപ്പിയിൽ ഗുരുതരമായ രോഗികൾക്ക് മിതമായ ചികിത്സ നൽകുന്നതിനുള്ള സ്പെക്‌ട്രം ആന്‍റി വൈറൽ മരുന്നാണ് റെംഡെസിവിർ. ഈ മരുന്ന് രോഗത്തിന്‍റെ തീവ്രത കുറക്കുകയും രോഗമുക്തി നേടുന്ന സമയം കുറക്കുകയും ചെയ്യുന്നുവെന്ന് മെഡിക്കൽ ഗവേഷകർ പറയുന്നു. നേപ്പാളിൽ പ്രകൃതിദുരന്തം ബാധിച്ച അഞ്ച് ജില്ലകളിലെ കുടുംബങ്ങൾക്ക് കൂടാരങ്ങളും പ്ലാസ്റ്റിക് ഷീറ്റുകളും ഉൾപ്പെടെയുള്ള ദുരന്ത നിവാരണ സാമഗ്രികൾ ഞായറാഴ്‌ച ഇന്ത്യ നൽകിയിരുന്നു.