ഇസ്ലാമാബാദ്: പാകിസ്ഥാനിലെ കൊവിഡ് പ്രതിസന്ധിയെപ്പറ്റി ബില്‍ഗേറ്റ്സുമായി ചര്‍ച്ച ചെയ്‌ത് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ടെലിഫോണ്‍ വഴിയാണ് ഇരുവരും നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്‌തത്. ഇതുവരെ രാജ്യത്ത് 15,348 കേസുകളാണ് സ്ഥിരീകരിച്ചത്. കൊവിഡ് മൂലം 335 പേരാണ് രാജ്യത്ത് മരിച്ചത്. രാജ്യം കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ ടെലിഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ മൂലം രാജ്യത്തെ ദുര്‍ബല വിഭാഗങ്ങളെ പട്ടിണിയില്‍ നിന്ന് കൂടി രക്ഷിക്കുകയെന്ന ഇരട്ട വെല്ലുവിളി നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബില്‍ ആന്‍റ് മെലിന്‍ഡ ഗേറ്റ് ഫൗണ്ടേഷന്‍ ഉടമ കൂടിയായ ബില്‍ഗേറ്റ്സ് കൊവിഡ് പോരാട്ടത്തില്‍ പാകിസ്ഥാനിലെ പോളിയോ ജീവനക്കാര്‍ നല്‍കുന്ന പ്രധാന പങ്കിനെപ്പറ്റി പറയുകയും ചെയ്‌തു. ആരോഗ്യ പ്രവര്‍ത്തകരെ പരിശീലിപ്പിക്കുന്നതും, കൊവിഡ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുന്നതിലും പോളിയോ ജീവനക്കാര്‍ പ്രധാന പങ്കു തന്നെ വഹിക്കുന്നു. രാജ്യം നേരിടുന്ന പ്രതിസന്ധി ഘട്ടത്തില്‍ ഗേറ്റ്സ് ഫൗണ്ടേഷനടക്കമുള്ള ട്രസ്റ്റുകള്‍ നല്‍കുന്ന സഹായത്തിന് ഇമ്രാന്‍ ഖാന്‍ നന്ദി അറിയിച്ചു.