ഹോങ്കോങ്: സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് രണ്ട് പ്രതിപക്ഷ നിയമസഭാംഗങ്ങൾ അടക്കം 16 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. അറസ്റ്റിലായ നിയമസഭാംഗങ്ങളായ ടെഡ് ഹുയി, ലാം ച്യൂക്ക്-ടിങ് എന്നിവർ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചു. കഴിഞ്ഞ വർഷം ജൂലൈയിലുണ്ടായ സർക്കാർ വിരുദ്ധ പ്രതിഷേധത്തിൽ വസ്‌തുക്കൾ നശിപ്പിക്കുന്നതിലും പ്രതിഷേധം അക്രമാസക്തമാക്കുന്നതിലുമുള്ള ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നാണ് ലാമിനെതിരെയുള്ള ആരോപണം.
ഹോങ്കോങ്ങിലെ ഡെമോക്രാറ്റിക് പാർട്ടിയിലെ രണ്ട് അംഗങ്ങൾ അറസ്റ്റ് ചെയ്യപ്പെട്ടതായി ഫേസ്ബുക്ക് പോസ്റ്റിലൂടെ പാർട്ടി സ്ഥിരീകരിച്ചു. ഹോങ്കോങിലെ കുറ്റവാളികളെ ചൈനക്ക് കൈമാറാനുള്ള വിവാദ ബില്ലിനെ തുടർന്ന് മാസങ്ങൾ നീണ്ട സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളാണ് നഗരത്തിൽ അരങ്ങേറിയത്. ഹോങ്കോങ് പൊലീസ് 9,000 പേരെയാണ് പ്രതിഷേധത്തെ തുടർന്ന് അറസ്റ്റ് ചെയ്‌തത്.