ന്യൂഡല്‍ഹി: ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ മേധാവി സയിദ് സലാഹുദ്ദീന് നേരെ ആക്രമണം. ഇസ്ലാമാബാദില്‍ വച്ച് മെയ് 25നാണ് അജ്ഞാതരുടെ ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാക് അനുകൂല തീവ്രവാദ സംഘടനകളുടെ സഖ്യത്തിന് നേതൃത്വം നല്‍കുന്ന യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്‍റെ മേധാവി കൂടിയാണ് സയിദ് സലാഹുദ്ദീന്‍. പരിക്കേറ്റ സലാഹുദ്ദീന്‍ ചികില്‍സയിലാണ്. ആഗോള ഭീകരനായി ഇയാളെ അടുത്തിടെ യുഎസ് പ്രഖ്യാപിച്ചിരുന്നു. ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ ആസ്ഥാനത്തിന് സമീപത്ത് നിന്നുതന്നെയാണ് ഇയാള്‍ ആക്രമിക്കപ്പെട്ടത്.
പാക് ഇന്‍റര്‍ സര്‍വീസ് ഇന്‍റലിജന്‍സ് ഏജന്‍സിയാണ് (ഐഎസ്ഐ) ആക്രമണം ആസൂത്രണം ചെയ്‌തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജമ്മു കശ്‌മീരിന്‍റെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ സലാഹുദ്ദീനും ഐഎസ്ഐയും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ വന്നിരുന്നു. ഇന്ത്യ ഗവര്‍ണ്‍മെന്‍റിന്‍റെ ഇത്തരത്തിലൊരു നീക്കം സലാഹുദ്ദീന്‍ പ്രതീക്ഷിച്ചതല്ല. താഴ്‌വരയില്‍ ആക്രമണം നടത്താന്‍ ഐഎസ്ഐ സലാഹുദ്ദീന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും അയാള്‍ക്കതിന് കഴിഞ്ഞിരുന്നില്ല. ഹിസ്‌ബുള്‍ കമാന്‍ഡര്‍ റിയാസ് നായിക്കിനെക്കൂടെ ഇന്ത്യന്‍ സുരക്ഷാ സേന വധിച്ചതോടെ സയിദ് സലാഹുദ്ദീന്‍ തളര്‍ന്നിരുന്നു.