കാലിഫോര്‍ണിയ: പ്രാദേശിക വാര്‍ത്താ ഓണ്‍ലൈന്‍, ചെറുകിട ഇടത്തരം വാര്‍ത്താ ഏജന്‍സികള്‍, മറ്റ് പ്രാദേശിക പ്രസാധകര്‍ , പ്രാദേശിക വാര്‍ത്താ സ്ഥാപനങ്ങള്‍ എന്നിവക്ക് അടിയന്തര സഹായവുമായി ഗൂഗിള്‍. എമര്‍ജന്‍സി റിലീഫ് ഫണ്ട് ഗൂഗിള്‍ പ്രഖ്യാപിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രാദേശിക വാര്‍ത്തകള്‍ നല്‍കുന്ന എല്ലാ തരം വാര്‍ത്താ സ്ഥാപനങ്ങള്‍ക്കും ഈ ഫണ്ട് ലഭ്യമാണ്. ആളുകളെ ഈ സമയത്ത് ഏറെ സഹായിക്കുന്ന ഒന്നാണ് പ്രാദേശിക വാര്‍ത്തകള്‍. എന്നാല്‍ നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി ഈ മേഖല വലിയ വിഷമഘട്ടത്തിലാണ്. പ്രസാധകര്‍ക്ക് അപേക്ഷാ ഫോം വഴി ഫണ്ടുകള്‍ക്ക് അപേക്ഷിക്കാം.
ലോകമെമ്പാടുമുള്ള യോഗ്യരായ പ്രസാധകര്‍ക്ക് സഹായം ലഭിക്കും. അപേക്ഷകള്‍ ഏപ്രില്‍ 29ന് രാത്രി 11.59 വരെ സ്വീകരിക്കും. ഇതു കൂടാതെ ആഗോള തലത്തില്‍ റിപ്പോര്‍ട്ടര്‍മാരെ പിന്തുണക്കുന്നതിന് അടിയന്തര വിഭവങ്ങള്‍ നല്‍കാന്‍ ഒരു മില്യണ്‍ ഡോളര്‍ നല്‍കാന്‍ തീരുമാനിച്ചു. കൂടുതല്‍ സഹായങ്ങള്‍ക്കായുള്ള മറ്റ് മാര്‍ഗങ്ങളും അന്വേഷിക്കുന്നതായി ഗൂഗിള്‍ അറിയിച്ചു.