ഹൈദരാബാദ്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 48,02,028 ആയി. ഇതുവരെ 3,16,673ലധികം ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 18,58,173ലധികം ആളുകൾ രോഗം ഭേദമായി ആശുപത്രി വിട്ടു.
തിങ്കളാഴ്ച ചൈനയിൽ ഏഴ് പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. വൈറസ് നിയന്ത്രണ നടപടിയായി രാജ്യത്തുടനീളമുള്ള ആളുകൾ പരാതികൾ രജിസ്റ്റർ ചെയ്യുന്ന ബീജിംഗിലെ കേന്ദ്ര സർക്കാർ നിവേദന ഓഫീസുകൾ തൽകാലം അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
ഒരു മാസത്തിലേറെയായി ചൈനയിൽ പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവിൽ രോഗം സ്ഥിരീകരിച്ച 82 ആളുകൾ ചികിത്സയിൽ തുടരുകയാണ്. 450 പേർ ഐസോലെഷനിൽ നിരീക്ഷണത്തിലാണ്. കേന്ദ്ര വ്യവസായ നഗരമായ വുഹാനിൽ ആദ്യമായി വൈറസ് ബാധ കണ്ടെത്തിയത് മുതൽ 82,954 കൊവിഡ് കേസുകളും 4,634 കൊവിഡ് മരണങ്ങളും ചൈനയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ദക്ഷിണ കൊറിയയിൽ 15 പുതിയ കൊവിഡ് കേസുകളും ഒരു കൊവിഡ് മരണവും കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 11,065 ആയി. ഇതുവരെ 263 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
സിയോൾ മെട്രോപൊളിറ്റൻ പ്രദേശത്ത് നിന്ന് രണ്ട് പുതിയ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ക്ലബ്ബ് ജോലിക്കാരുമായി ബന്ധപ്പെട്ട ഡസൻ കണക്കിന് ആളുകളിൽ വൈറസ് ബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ചകളിൽ പതിനായിരക്കണക്കിന് കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്.