കാബൂൾ : മുൻ അഫ്ഗാൻ സെനറ്റർ അബ്ദുൾ വാലി അഹ്മദ്‌സായ് താലിബാൻ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു. അഫ്ഗാനിസ്ഥാന്‍റെ കിഴക്കൻ പ്രവിശ്യയായ ലോഗറിന്‍റെ തലസ്ഥാനമായ പോൾ-ഇ ആലാമിലാണ് സംഭവം നടന്നത്.
സഹോദരിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ശേഷം പോൾ-ഇ ആലത്തിനടുത്തുള്ള ഒരു ഗ്രാമം സന്ദർശിക്കുന്നതിനിടെ തിങ്കളാഴ്ച രാത്രി ഇദ്ദേഹത്തെ താലിബാൻ തട്ടിക്കൊണ്ടുപോയിരുന്നു. സംഭവത്തിൽ താലിബാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. അഫ്ഗാൻ ലോഗർ പ്രവിശ്യയെ പ്രതിനിധീകരിച്ചിരുന്ന അബ്ദുൾ വാലി അഹ്മദ്‌സായ് മുൻ പ്രസിഡന്‍റ് ഹമീദ് കർസായിയുടെ ഭരണകാലത്തെ പാർലമെന്‍റ് അംഗമായിരുന്നു.