പോർട്ട് മൊറെസ്ബി: പാപുവ ന്യു ഗിനിയയുടെ മുൻ പ്രധാനമന്ത്രിയെ അഴിമതി ആരോപണ കേസിൽ അറസ്റ്റ് ചെയ്‌തു. ഇസ്രായേലിൽ നിന്ന് രണ്ട് ജനറേറ്ററുകൾ വാങ്ങി ദുരുപയോഗം ചെയ്യുകയും അഴിമതി നടത്തുകയും ചെയ്‌തതിനാണ് പീറ്റർ ഓ നീലിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തത്. പോർട്ട് മൊറെസ്ബിയിലെ ജാക്‌സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചായിരുന്നു അറസ്റ്റ്. ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ ലോക്ക് ഡൗൺ മൂലം കുടുങ്ങിപ്പോയ പീറ്റർ ഓ നീൽ തിരിച്ച് ഗിനിയയിലേക്ക് എത്തുമ്പോൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ശേഷം ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ, കൊവിഡിനെതിരെയുള്ള ജാഗ്രതാ നിർദേശത്തിന്‍റെ ഭാഗമായി ഓ നീലിന് രണ്ടാഴ്‌ച ഗാർഹിക നിരീക്ഷണത്തിൽ കഴിയേണ്ടതായി വരും.
ഏഴ് വർഷം പാപുവ ന്യു ഗിനിയയെ നയിച്ച ഓ നീൽ തന്‍റെ ഭരണകാലത്ത് ഇസ്രായേലിൽ നിന്ന് രണ്ട് വൈദ്യുത ജനറേറ്ററുകൾ 50 ദശലക്ഷം കിനയ്ക്ക് (14.2 ദശലക്ഷം ഡോളർ) വാങ്ങിയതായി അന്വേഷണ സംഘം വ്യക്തമാക്കി. പാർലമെന്‍റിന്‍റെ അംഗീകാരവും ടെന്‍റർ നടപടികളുമില്ലാതെയാണ് ഓ നീൽ ജനറേറ്ററുകൾ വാങ്ങിയതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചതായി ഓസ്ട്രേലിയൻ ബ്രോഡ്‌കാസ്റ്റിംഗ് കോർപ്പറേഷൻ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ, ഓ നീൽ പണം ദുരുപയോഗം ചെയ്‌തതായും അഴിമതി നടത്തിയതായും അതിന് വ്യക്തമായ തെളിവുകൾ ഉണ്ടെന്നും പൊലീസ് വിശദമാക്കി. കഴിഞ്ഞ ഒക്‌ടോബറിൽ പീറ്റർ ഓ നീലിനെ മറ്റൊരു കേസിൽ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചെങ്കിലും തെളിവുകളില്ലാതെ കോടതിയിൽ അതിന്‍റെ സാധുത ചോദ്യം ചെയ്യപ്പെട്ടതോടെ കേസ് പിൻവലിക്കേണ്ടി വന്നു.