ഇസ്ലാമാബാദ്: കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവക്കെതിരായ ഇസ്ലാമാബാദിന്‍റെ നടപടികൾ അവലോകനം ചെയ്ത് ഒക്ടോബർ 21 മുതൽ 23 വരെ നടക്കാനിരിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) പ്ലീനറിയുടെ വെർച്വൽ യോഗം പാകിസ്ഥാനെ ഗ്രേ പട്ടികയിൽ നിന്ന് ഒഴിവാക്കണോ എന്ന് തീരുമാനിക്കും.
എഫ്‌എടിഎഫ് പ്ലീനറി നേരത്തെ നടക്കുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും കൊവിഡിന്‍റെ പശ്ചാത്തലത്തിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരായ ആഗോള നിരീക്ഷണ കേന്ദ്രം ഇത് നീട്ടി വെക്കുകായിരുന്നു. പാരീസ് ആസ്ഥാനമായുള്ള ഏജൻസി അവലോകന പ്രക്രിയ നീട്ടിവെച്ചതിനാൽ പാകിസ്ഥാന് പോയിന്‍റുകൾ സമർപ്പിക്കാൻ നാല് മാസം കൂടി സമയം ലഭിച്ചിരുന്നു.
ഫെബ്രുവരിയിൽ, ഇസ്ലാമാബാദ് 14 പോയിന്‍റുകൾ കൈമാറിയെങ്കിലും മറ്റ് 13 പോയിന്‍റുകൾ സമർപ്പിക്കാൻ നാല് മാസത്തെ ഗ്രേസ് പിരീഡ് നൽകിയിരുന്നു. ‘തന്ത്രപരമായ കുറവുകൾ’ കാരണം 2018 ജൂണിൽ പ്ലീനറി ഔദ്യോഗികമായി പാകിസ്ഥാനെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.