ബീജിങ്ങ്: രാജ്യത്ത് ഉത്പാദിപ്പിച്ച കൊവിഡ് വാക്സിനുകള്‍ ഫലപ്രദമല്ലെന്ന് ചൈനീസ് അധികൃതര്‍ തന്നെ തുറന്ന് സമ്മതിച്ചതായി റിപ്പോര്‍ട്ട്. വാക്സിനുകള്‍ വലിയ ഗുണഫലം നല്‍കുന്നില്ലെന്നും കൂടുതല്‍ പരിഷ്കരണങ്ങള്‍ ആവശ്യമാണെന്നും ചൈനീസ് രോഗനിയന്ത്രണ കേന്ദ്രം (സിഡിസി) ഡയറക്ടര്‍ ജോര്‍ജ് ഗാവോ പറഞ്ഞതായി വാഷിങ്ങ്ടണ്‍ പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ശനിയാഴ്ച ചെംഗുഡുവില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഗാവോ പരാമര്‍ശങ്ങള്‍ നടത്തിയത്. നിലവിലുള്ള വാക്സിനുകള്‍ക്ക് കാര്യക്ഷമത പോരെന്നും കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ക്കായി ശ്രമം നടത്തുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. വാക്സിനുകളുടെ ഫലപ്രാപ്തി വര്‍ധിപ്പിക്കാന്‍ ഡോസുകളുടെ എണ്ണം കൂട്ടാവുന്നതാണെന്നാണ് ഗാവോ പറയുന്നത്. പല രീതിയില്‍ വികസിപ്പിച്ച വാക്സിനുകള്‍ സംയോജിപ്പിക്കുന്നത് മറ്റോരു സാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. ഗാവോയുടെ പരാമര്‍ശങ്ങള്‍ ചൈനീസ് നവമാധ്യമങ്ങളില്‍ വൈറലായിരുന്നെങ്കിലും വളരെപ്പെട്ടെന്ന് സെന്‍സര്‍ ചെയ്യപ്പെട്ടു.
ചൈനീസ് വാക്സിനുകളുടെ കാര്യക്ഷമതയില്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ ചോദ്യങ്ങളുയര്‍ന്നിരുന്നു. വിവിധ രാജ്യങ്ങളിലേക്ക് ദശലക്ഷക്കണക്കിന് വാക്സിനുകള്‍ കയറ്റി അയച്ചെങ്കിലും ക്ലിനിക്കല്‍ പരീക്ഷണ വിവരങ്ങള്‍ ചൈനീസ് കമ്പനികള്‍ പുറത്തുവിട്ടിരുന്നില്ല. നിലവില്‍ അറുപതോളം രാജ്യങ്ങളില്‍ ചൈനീസ് വാക്സിനുകള്‍ ഉപയോഗത്തിലുണ്ട്. ചൈനയില്‍ വികസിപ്പിച്ച പ്രധാന വാക്സിനായ സിനോഫാമിനെ ലോകത്തെ ഏറ്റവും അപകടം പിടിച്ച വാക്സിനെന്നാണ് ഷാങ്ഹായിയില്‍ നിന്നുള്ള ഡോക്ടറായ താവോ ലിന വിശേഷിപ്പിച്ചത്.