ബാഗ്‌ദാദ്: ഇറാഖിലെ യുഎസ് സേനയ്ക്ക് നേരെ എത്തിയ ഡ്രോൺ ആക്രമണം പരാജയപ്പെടുത്തി ഇറാഖിന്‍റെ വ്യോമ പ്രതിരോധ സേന. 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് ഇറാഖിൽ ഐഎസ് ഭീകരർക്കെതിരെ പോരാടുന്ന അമേരിക്കൻ സൈന്യത്തിനെതിരെ ഡ്രോൺ ആക്രമണ ശ്രമം ഉണ്ടാകുന്നത്.
പടിഞ്ഞാറൻ അൻബർ പ്രവിശ്യയിലെ യുഎസ് സൈനിക താവളത്തിന് സമീപമാണ് ചൊവ്വാഴ്‌ച പുലർച്ചെ സ്‌ഫോടക വസ്‌തുക്കൾ ഘടിപ്പിച്ച രണ്ട് ഡ്രോണുകൾ കണ്ടെത്തിയതെന്ന് അന്താരാഷ്‌ട്ര സൈനിക സഖ്യത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ഉടൻ തന്നെ വ്യോമ പ്രതിരോധ സേന ഡ്രോണുകൾ വെടിവച്ചിടുകയായിരുന്നു.
തിങ്കളാഴ്‌ച ബാഗ്‌ദാദിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമുള്ള യുഎസ് സൈനിക താവളത്തിന് സമീപവും ഡ്രോൺ ആക്രമണത്തിന് ശ്രമമുണ്ടായിരുന്നു. തിങ്കഴാഴ്‌ച കണ്ടെത്തിയ രണ്ട് ഡ്രോണുകളും പ്രതിരോധ സേന വെടിവെച്ചിടുകയായിരുന്നു. സംഭവത്തിൽ ആളപായമൊന്നുമില്ലെന്ന് സേന അറിയിച്ചു. ഡ്രോൺ ആക്രമണശ്രമത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ഇറാനിയൻ ജനറൽ ഖാസിം സുലൈമാനിയും ഇറാഖി ലെഫ്റ്റനന്‍റും യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന്‍റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് ടെഹ്‌റാനും മിഡിൽ ഈസ്റ്റ് സഖ്യകക്ഷികളും അനുസ്‌മരണം നടത്തുന്നതിനിടെയാണ് യുഎസ് സൈന്യത്തിന് നേരെ ആക്രമണം ഉണ്ടായത്.
ഖാസിം സുലൈമാനിയുടെ കൊലപാതകത്തിൽ ആക്രമണത്തിന് ഉത്തരവിട്ട മുൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വിചാരണ നേരിടണമെന്നും അല്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സി മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാഖിലെ ഐഎസിനെതിരെ പോരാടുന്ന അന്താരാഷ്‌ട്ര സൈനിക സഖ്യത്തിന് യുഎസ് സൈന്യമാണ് നേതൃത്വം നൽകുന്നത്.