യാങ്കോൺ: മ്യാൻമറിൽ സൈന്യം മാറ്റങ്ങൾ അംഗീകരിക്കാൻ തയ്യാറാകണമെന്ന് ആങ് സാൻ സൂചി. മാറ്റങ്ങൾ അംഗീകരിച്ചാൽ മാത്രമേ രാജ്യത്ത് ജനാധിപത്യ പരിഷ്‌കാരങ്ങൾ വിജയിക്കൂവെന്ന് അവർ പറഞ്ഞു. പട്ടാളത്തിനുളള സ്വാധീനം ഉറപ്പിക്കുന്നതിനായി മ്യാൻമർ സർക്കാരിനെ സൈന്യം അട്ടിമറിച്ചത് തിങ്കളാഴ്ച പുലർച്ചെയായിരുന്നു. ഇതോടെ കഴിഞ്ഞ 10 വർഷമായി ആങ് സാൻ സൂചിയും സർക്കാരും നടത്തി വന്ന ജനാധിപത്യ പരിഷ്‌കാരങ്ങൾക്കാണ് അവസാനമായത്. സർക്കാരിനെ അട്ടിമറിച്ച സൈന്യം സൂചിയെയും മറ്റു മുതിന്ന രാഷ്‌ട്രീയ നേതാക്കളെയും കസ്‌റ്റഡയിലെടുത്തു.
1962- മുതൽ അരനൂറ്റാണ്ടോളം പട്ടാളം ഭരിച്ച മ്യാൻമറിൽ സൂ ചിയുടെ നേതൃത്വത്തിലുളള സർക്കാർ അധികാരത്തിലേറിയത് 2015 ലാണ്. 15 വർഷം വീട്ടു തടങ്കലിൽ കിടന്ന് ജനാധിപത്യ സമരം നടത്തിയാണ് സൂചി മ്യാൻമറിന്‍റെ അധികാരത്തിലെത്തുന്നത്. സമാധാനത്തിനുളള നോബൽ സമ്മാനവും സൂ ചിയെ തേടിയെത്തി.
ജീവിതത്തിന്‍റെ ഭൂരിഭാഗവും പട്ടാള ഭരണത്തിനെതിരെയുളള പോരാട്ടത്തിലായിരുന്നു സൂ ചി. 1962- ൽ സൂചിയുടെ പിതാവിൽ നിന്നാണ് സൈന്യം മ്യാൻമറിന്‍റെ അധികാരം പിടിച്ചെടുക്കുന്നത്. തുടർന്ന് സൂ ചിയുടെ വിദ്യാഭ്യാസം മുഴുവൻ വിദേശത്തായിരുന്നു. 1988-ൽ അമ്മയുടെ ചികിത്സയക്കായി സൂചി മ്യാൻമറിലേക്ക് എത്തി. പട്ടാളത്തിന്‍റെ ക്രൂരതയിൽ പ്രതികരിച്ച സൂ ചി 1989 മുതൽ വീട്ടു തടങ്കലിലായി. തുടർന്ന് 15 വർഷം വീട്ടു തടങ്കലിൽ ജനാധിപത്യ സമരം നയിച്ചു.
2010-ൽ തെരഞ്ഞെടുപ്പ് നടത്താൻ പട്ടാളം അനുമതി നൽകിയെങ്കിലും സൂചിയുടെ തെരഞ്ഞെടുപ്പ് വിജയം പട്ടാളം അംഗീകരിച്ചില്ല. പരോമന്നത അധികാരം പട്ടാളത്തിൽ നിലനിറുത്തി സൂ ചിയെ ഒരു കൗൺസിലർ മാത്രമായി നിലനിറുത്തി. 2015 -ൽ വീണ്ടും തെരഞ്ഞെടുപ്പിൽ സൂ ചി വീണ്ടും വൻ പിന്തുണയോടെ വിജയിച്ചു. ലോക രാജ്യങ്ങളുടെ സമ്മർദത്തിൽ സൈന്യത്തിന് സൂ ചിക്ക് അധികാരം കൈമാറേണ്ടി വന്നു. തുടർന്ന് അധികാരത്തലേറിയ സൂ ചി വീട്ടു തടങ്കലിലായ നേതാകളെ മോചിപ്പിച്ച് രാജ്യത്ത് ജനാധിപത്യ പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ചു.
5 വർഷം കൂടി ഭരണതുടർച്ച ആഗ്രഹിച്ചു തെരഞ്ഞെടുപ്പ് നടത്തിയ സൂ ചിക്ക് വൻ ജനപിന്തുണയാണ് ലഭിച്ചത്. രോഹിൻഗ്യ വംശഹത്യയുടെ പേരിൽ സമീപകാലത്തു രാജ്യാന്തര അംഗീകാരത്തിൽ ഇടിവ് സംഭവിച്ചിരുന്നെങ്കിലും ഇന്നും മ്യാൻമറിലെ ജനകീയ നേതാവ് സൂചിയെന്ന് തെളിയിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് വിജയം. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ പട്ടാളം പിന്തുണയ്ക്കുന്ന പാർട്ടികളെ പരാജയപെടുത്തി തിളക്കമാർന്ന വിജയം കരസ്ഥമാക്കി. ഇതാണ് പട്ടാളത്തെ പ്രകോപിച്ചതും വീണ്ടുമൊരു അട്ടിമറിയിലേക്ക് നയിച്ചതും.