ബെയ്‌ജിങ്: കനത്ത മഴയെ തുടര്‍ന്ന് ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ മരിച്ചവരുടെ എണ്ണം 56 ആയി ഉയര്‍ന്നു. അഞ്ച് പേരെ കാണാതായിട്ടുണ്ടെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. പ്രവിശ്യയുടെ തലസ്ഥാനമായ ചെന്‍ചാവുവിലെ ചിങ്വാങ്ക് തുരങ്കത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
വെള്ളക്കെട്ടിനെ തുടര്‍ന്ന് ചൊവ്വാഴ്‌ച മുതല്‍ തുരങ്കത്തില്‍ വാഹനങ്ങള്‍ കുടുങ്ങി കിടക്കുകയാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഒരാഴ്‌ചയായി തുടരുന്ന മഴ
ജൂലൈ 16 ന് ആരംഭിച്ച മഴ ഇതുവരെ 75 ലക്ഷം ആളുകളെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ പ്രവിശ്യയിലെ 576,600 ഹെക്‌ടര്‍ കൃഷി സ്ഥലങ്ങള്‍ നശിക്കുകയും 3,800 വീടുകള്‍ തകരുകയും ചെയ്‌തിട്ടുണ്ട്. പ്രവിശ്യയില്‍ 2 ബില്യണ്‍ യുഎസ് ഡോളര്‍ സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
സര്‍ക്കാരിന്‍റെ അടിയന്തര സഹായം
920,000 പേരെയാണ് സുരക്ഷിത താവളങ്ങളിലേക്ക് മാറ്റി മാര്‍പ്പിച്ചിരിക്കുന്നത്. അടിയന്തര സഹായം എത്തിക്കാനും പുനര്‍നിര്‍മാണത്തിനുമുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ഹെനാനിലേക്ക് അത്യാവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനായി ഗതാഗത സര്‍വീസുകള്‍ ഒരുക്കണമെന്ന് അയല്‍ പ്രവിശ്യകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വ്യാഴാഴ്‌ച ദുരന്ത നിവാരണ മന്ത്രാലയം പുതിയ രക്ഷാപ്രവര്‍ത്തന സംഘത്തെ പ്രളയ ബാധിത പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. ചെന്‍ചാവു പ്രവിശ്യയുടെ പ്രാന്ത പ്രദേശങ്ങളില്‍ വാർത്താ വിനിമയ സംവിധാനം പുന:സ്ഥാപിച്ചിട്ടുണ്ടെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.