കാബൂള്‍: അഫ്‌ഗാനിസ്ഥാനിലെ കാബൂളിലെ ആശുപത്രി പ്രസവവാര്‍ഡിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി. രണ്ട് നവജാത ശിശുക്കളും അമ്മമാരും നഴ്‌സുമാരുമാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്‌ച രാവിലെ കാബൂളിന്‍റെ പടിഞ്ഞാറന്‍ പ്രദേശമായ ദഷ്‌ടി ബാര്‍ച്ചിയിലെ പ്രസവാരോഗ്യ ആശുപത്രിയിലാണ് ആക്രമണമുണ്ടായത്. അഫ്‌ഗാന്‍ സുരക്ഷാ സേന ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആശുപത്രിയില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. ആക്രമണത്തില്‍ നേരത്തെ 16 പേരാണ് മരിച്ചത്.
ആരോഗ്യ ഡെപ്യൂട്ടി മന്ത്രിയായ വാഹിദ് മജ്‌രോഹ് നടത്തിയ പ്രസ് കോണ്‍ഫറന്‍സിലൂടെയാണ് മരണനിരക്ക് 24 ആയതായി അറിയിച്ചത്. നിലവില്‍ 16 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷപ്പെട്ട 21 കുഞ്ഞുങ്ങളെ കാബൂളിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതില്‍ എല്ലിന് പരിക്കു പറ്റിയ ഒരു കുഞ്ഞിനെ ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റ് കുട്ടികളുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആക്രമണത്തിന്‍റെ ഉത്തരാവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. താലിബാന്‍, ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകള്‍ക്ക് സ്വാധീനമുള്ള മേഖലയാണ് കാബൂള്‍. അഫ്‌ഗാന്‍ മിലിറ്ററിയെയും സുരക്ഷാ സേനയെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങള്‍.