ഉത്തരകൊറിയക്കെതിരായുളള ഉപരോധം ജപ്പാൻ രണ്ട് വർഷം കൂടി നീട്ടി. ആണവായുധ ഉപയോഗം ഉള്‍പ്പടെയുളള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ഉത്പന്നങ്ങളുടെ കയറ്റുമതി - ഇറക്കുമതി, ഉത്തരകൊറിയയിൽ രജിസ്റ്റർ ചെയ്ത കപ്പലുകള്‍ക്ക് ജപ്പാൻ സമുദ്രാതിർത്തിയിലെ പ്രവേശനം തുടങ്ങിയവ ഉപരോധം വഴി തടയും. ഇതിന് പുറമെ ഉത്തരകൊറിയൻ തുറമുഖത്തിൽ നിർത്തിയ കപ്പലുകള്‍ക്കും ജപ്പാനിലേക്ക് പ്രവേശിക്കാനാകില്ല.
ഉത്തരകൊറിയയുടെ ആദ്യ ആണവായുധ പരീക്ഷണത്തിന് പിന്നാലെ 2006 ലാണ് ജപ്പാൻ ആദ്യമായി ഉപരോധം ഏർപ്പെടുത്തുന്നത്. യുഎൻ സെക്യൂരിറ്റി കൗണ്‍സിലിന്‍റെ പ്രമേയത്തിന്‍റെ അടിസ്ഥാനത്തിൽ പിന്നീട് കൂടുതൽ മേഖലകളിലേക്ക് ഇത് വ്യാപിപ്പിച്ചു. 17 ജപ്പാൻ പൗരൻമാരെ ഉത്തരകൊറിയ തട്ടിക്കൊണ്ടു പോയെന്ന വിഷയം ഇരു രാജ്യങ്ങള്‍ക്കിടയിലും നിലനിൽക്കുന്നുണ്ട്.
തർക്കവിഷയങ്ങളിൽ ചർച്ച നടത്തണമെന്ന ആഗ്രഹം ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബേ അടുത്തിടെ പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉപരോധം രണ്ട് വർഷം കൂടി നീട്ടാൻ ജപ്പാൻ തീരുമാനിച്ചത്. ആണവ നിരായുധീകരണ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ നടത്തിയ രണ്ടാമത് ഉച്ചകോടി തീരുമാനത്തിലെത്താതെ പിരിഞ്ഞതും ഉപരോധം നീട്ടാൻ കാരണമായി വിലയിരുത്തുന്നു.