ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ലൈംഗിക അതിക്രമങ്ങള്‍, തട്ടിക്കൊണ്ടു പോകല്‍, ശൈശവ വിവാഹം തുടങ്ങി വിവിധ രീതികളിലുള്ള അതിക്രമങ്ങളിലാണ് വര്‍ധനവുണ്ടായത്. 2020ല്‍ മാത്രം ദിവസം എട്ട് കുട്ടികളെങ്കിലും വിവിധ രീതികളില്‍ ദുരുപയോഗം ചെയ്യപ്പെട്ടതായാണ് കണ്ടെത്തല്‍. കുട്ടികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന സാഹില്‍ പുറത്തിറക്കിയ 'ക്രൂവല്‍ നമ്പേഴ്സ് 2020' എന്ന പഠന റിപ്പോര്‍ട്ടിലാണ് പാകിസ്ഥാനിലെ ഗുരുതര സാഹചര്യം വിശദീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ 84 ദേശീയ-പ്രാദേശിക ദിനപത്രങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ആറ് മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികളാണ് കൂടുതലും അതിക്രമങ്ങള്‍ക്കിരയാകുന്നത്. അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികളും ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2020ല്‍ പാകിസ്ഥാനിലെ നാല് പ്രവിശ്യകളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 2,960 കുറ്റകൃത്യങ്ങളില്‍ 985ഉം പ്രകൃതിവിരുദ്ധ പീഡനങ്ങളാണ്. കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായ 787 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല ദൃശ്യ നിര്‍മാണങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത് 89 കേസുകളാണ്. ലെംഗികാതിക്രമത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി കുറ്റവാളികള്‍ കൊന്നുതള്ളിയത് 80 കുട്ടികളെ. പ്രായപൂര്‍ത്തിയാകാത്തവരെ തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട് 834 കേസുകളും കുട്ടികളെ കാണാതായ 345 സംഭവങ്ങളും 119 ശൈശവ വിവാഹങ്ങളും 2020ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
80 ശതമാനം ലൈംഗികാതിക്രമങ്ങളിലും കുട്ടികളെ അടുത്തറിയാവുന്നവരാണ് പ്രതികള്‍. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കേസുകളില്‍ 1,780ലും പ്രതികള്‍ ഏതെങ്കിലും വിധത്തില്‍ ഇരകളുമായി അടുത്ത പരിചയം ഉള്ളവര്‍. 109 കേസുകളില്‍ പ്രതികള്‍ അധ്യാപകര്‍, കടയുടമകള്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും പ്രതിയായ 91 കേസുകളും അയല്‍വാസികള്‍ പ്രതിയായ 92 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അപരിചിതര്‍ പ്രതികളായ ലൈംഗികാതിക്രമക്കേസുകള്‍ 468 എണ്ണം മാത്രമാണെന്നതും പാകിസ്ഥാനില്‍ വീടുകള്‍ക്കുള്ളില്‍ പോലും കുട്ടികള്‍ സുരക്ഷിതരല്ലെന്നതിന് തെളിവാണെന്നാണ് സംഘടന പറയുന്നത്. പാകിസ്ഥാനില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ ഐക്യരാഷ്ട്ര സഭയും ആശങ്ക രേഖപ്പെടുത്തിയിരുന്നു.