ന്യൂഡല്‍ഹി: പകര്‍ച്ച പനിയേക്കാൾ സാവധാനമാണ് പടരുന്നതെങ്കിലും ഗുരുതരമായ രോഗമാണ് കൊവിഡ് 19നെന്ന് ലോകാരോഗ്യസംഘടന. നോവല്‍ കൊറോണ വൈറസ് ബാധിച്ച, എന്നാല്‍ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരിലൂടെയും രോഗം പകരുമെന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്‌ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ചൊവ്വാഴ്‌ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രത്യേക സ്വഭാവസവിശേഷതകളുള്ള വൈറസാണ് കൊറോണ വൈറസ് (കൊവിഡ് 19). ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്ന ഈ വൈറസ്, രോഗം ബാധിച്ച വ്യക്തിയുടെ മൂക്കില്‍ നിന്നോ വായില്‍ നിന്നോ വരുന്ന ശ്രവങ്ങളിലൂടെയാണ് പകരുന്നത്. ചൈനയില്‍ നിന്നും ശേഖരിച്ച വിവരങ്ങൾ പ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് 19 കേസുകളിൽ ഒരു ശതമാനം രോഗലക്ഷണങ്ങൾ കാണിച്ചിരുന്നില്ലെന്നും ഇത്തരം കേസുകളിൽ ഭൂരിഭാഗവും രണ്ട് ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.
ആഗോളതലത്തിൽ 90,893 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 3,110 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ചൈനയില്‍ 129 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൈനക്ക് പുറമെ 48 രാജ്യങ്ങളിൽ നിന്നായി 1,848 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 80 ശതമാനവും കൊറിയ, ഇറാൻ, ഇറ്റലി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവയാണ്. അതേസമയം 12 പുതിയ രാജ്യങ്ങൾ അവരുടെ ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്തു. 122 രാജ്യങ്ങളില്‍ ഇതുവരെ കൊവിഡ് 19 കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. രോഗം ഭേദമാക്കാന്‍ ഇതുവരെ മരുന്നുകളൊന്നും കണ്ടുപിടിച്ചിട്ടില്ല. അതിനാലാണ് ലോകാരോഗ്യ സംഘടന മുന്‍കരുതല്‍ സമീപനങ്ങള്‍ മാത്രം കൊവിഡ് 19നുമായി ബന്ധപ്പെട്ട് മുന്നോട്ടുവെച്ചിരിക്കുന്നതെന്നും ഡയറക്‌ടര്‍ ജനറല്‍ അറിയിച്ചു.