സിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂരില്‍ 119 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഭൂരിഭാഗവും വിദേശ തൊഴിലാളികളാണെന്ന് സിഗപ്പൂര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 42,432 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. തിങ്കളാഴ്‌ച സിംഗപ്പൂരിൽ 218 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു.
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ലീ സീൻ ലൂങ് ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ ഷോപ്പിങ് മാളുകളിലും ബിസിനസ് കേന്ദ്രങ്ങളിലും സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനും നിരീക്ഷിക്കുന്നതിനുമായി 600ലധികം ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു. രണ്ട് ഘട്ടങ്ങളായി രാജ്യത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ സുരക്ഷ സൗകര്യങ്ങളൊരുക്കി കൊണ്ട് ഷോപ്പിങ് മാളുകൾ, റീട്ടെയില്‍ കടകൾ തുടങ്ങിയവക്ക് തുറന്ന് പ്രവര്‍ത്തിക്കാം. ഹോട്ടലുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ഷോപ്പിങ് മാളുകളില്‍ 80 ശതമാനത്തോളം ആളുകൾ എത്തുന്നുണ്ട്. അഞ്ച് പേര്‍ വരെയുള്ള സാമൂഹിക ഒത്തുചേരലുകൾക്ക് അനുമതി നല്‍കിയിട്ടുണ്ട്. കൂടാതെ വീടുകളില്‍ ഒരു സമയം അഞ്ച് സന്ദർശകരെ വരെ സ്വീകരിക്കാം. ആരാധനാലയങ്ങൾക്കും തുറക്കാൻ അനുമതി നല്‍കി.