ബെയ്‌ജിങ്: ചൈനയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു. ശനിയാഴ്‌ചയോടെ ബെയ്‌ജിങ്ങിലെ കൊവിഡ് കേസുകളുടെ എണ്ണം ഒമ്പതായി വർധിച്ചു. കൊവിഡ് കേസുകൾ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി അധികൃതർ തലസ്ഥാന നഗരമായ ബെയ്‌ജിങ്ങിൽ കൊവിഡ് പരിശോധന, ഹോട്ടൽ ബുക്കിങ്ങുകളുടെ നിയന്ത്രണം, മറ്റ് കൊവിഡ് നിയന്ത്രണ മാർഗങ്ങൾ എന്നിവ കർശനമാക്കി. വിനോദ സഞ്ചാരികളിൽ നിന്ന് കൊവിഡ് പകർന്നെന്നാണ് സൂചന. രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ പ്രാദേശികമായി പകരുന്ന 38 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു.
ബെയ്‌ജിങ്ങിൽ കൊവിഡ് ബാധിച്ചവരിൽ അഞ്ച് പേർ ഒക്‌ടോബർ 12 മുതൽ 15 വരെ ഇന്നർ മംഗോളിയ ഓട്ടോണമസ് റീജിയൺ, നിങ്‌സിയ ഹുയി ഓട്ടോണമസ് റീജിയൺ, ഷാൻക്‌സി പ്രവിശ്യ എന്നിവിടങ്ങളിലേക്ക് പോയിരുന്നു. ഒക്‌ടോബർ 16നാണ് തിരികെ ചൈനയിലേക്ക് മടങ്ങിയത്. മറ്റൊരാൾക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്.
കൊവിഡ് ബാധിച്ചവരുടെ സമ്പർക്ക പട്ടിക തയാറാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
കൂടാതെ, നിരവധി നഗരങ്ങളിൽ കൂട്ടപരിശോധന നടത്തുകയും കൊവിഡ് ബാധിച്ചവർ സഞ്ചരിച്ച സ്ഥലങ്ങൾ അണുവിമുക്തമാക്കുകയും ചെയ്‌തു. പ്രധാന തുറമുഖം പ്രവർത്തനം താത്കാലികമായി നിർത്തി.
രാജ്യത്തെ ജനങ്ങളിൽ 75% പേർക്കും കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി വാക്‌സിനേഷൻ നൽകിയിരുന്നു. എന്നിരുന്നാലും രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട കൊവിഡ് മഹാമാരി ലോജിസ്റ്റിക്സിലും സാമ്പത്തിക കാര്യങ്ങളും കടുത്ത വെല്ലുവിളി ഉയർത്തുകയാണ്. രാജ്യത്ത് ഇതുവരെ 2.243 ബില്യൺ ഡോസ് വാക്‌സിനാണ് നൽകിയിട്ടുള്ളത്.
Also Read: ETV BHARAT EXCLUSIVE: ദേശീയ സമ്പാദ്യ പദ്ധതിയില്‍ വൻ അട്ടിമറി, പണം മുക്കി ഏജന്‍റുമാര്‍