ബീജിങ്: ലോകത്തെ ഭീതിയിലാക്കിയ കൊറോണ വൈറസിന് താല്‍ക്കാലിക ഔദ്യോഗിക നാമം പ്രഖ്യാപിച്ച് ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷന്‍. 'നോവല്‍ കൊറോണവൈറസ് ന്യുമോണിയ' അഥവാ 'എന്‍സിപി' എന്ന നാമമാണ് ചൈന വൈറസിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്നത്. വാർത്താ സമ്മേളനത്തിലാണ് ചൈനീസ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ചൈനീസ് സർക്കാർ വകുപ്പുകളിലും ഓർഗനൈസേഷനുകളിലും ഔദ്യോഗിക നാമം നിലവില്‍ വരുന്നത് വരെ ഈ പേര് ഉപയോഗിക്കുമെന്നും അധികൃതർ കൂട്ടിചേർത്തു. സൗത്ത് ചൈന മോർണിങ് പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.
അന്താരാഷ്‌ട്ര ടാക്‌സ്‌മനി ഓഫ് വൈറസ് കമ്മിറ്റിയാണ് ചൈനയില്‍ നൂറുകണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ കൊറോണ വൈറസിന്‍റെ ഔദ്യോഗിക നാമം തീരുമാനിച്ചത്. ഈ പേര് കമ്മിറ്റി ദിവസങ്ങൾക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. നിലവില്‍ കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 722 ആയി. 34,546 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധയെ തുടർന്ന് വുഹാനില്‍ അടുത്തിടെ ഒരു അമേരിക്കന്‍ പൗരനും മരണമടഞ്ഞിരുന്നു. വൈറസ് ബാധയെ തുടർന്ന് ചൈനയില്‍ മരിക്കുന്ന ആദ്യ വിദേശ പൗരനാണ് ഇയാൾ. നിലവില്‍ ലോകത്തെമ്പാടുമുള്ള 20 രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം വൈറസ് വ്യാപിച്ചതിനെ തുടർന്ന് ചൈനക്ക് പുറത്ത് ഇതേവരെ രണ്ട് കൊറോണ മരണങ്ങളെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.