കാബുൾ: അഫ്ഗാനിസ്ഥാനിലെ ഫർയാബ് പ്രവിശ്യയിൽ സുരക്ഷ സേനയും താലിബാനും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായി റിപ്പോർട്ട്. 23 അഫ്ഗാൻ സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ആറ് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.
സുരക്ഷാ സേന ദാവ്‌ലത്ത് അബാദ് ജില്ലയിൽ ബുധനാഴ്ച ക്ലിയറിംഗ് ഓപ്പറേഷൻ ആരംഭിച്ചിരുന്നു. ഇതേ തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഏറ്റുമുട്ടലിനെ തുടർന്ന് സൈന്യത്തെ പ്രദേശത്ത് നിന്ന് മാറ്റിയതായും അധികൃതർ അറിയിച്ചു.
റിട്ടയേർഡ് ജനറലും പ്രതിരോധ മന്ത്രാലയത്തിന്‍റെ മുൻ വക്താവിന്‍റ മകനുമായ സൊഹ്‌റാബ് അസിമിയും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
ദോഹയിൽ അഫ്ഗാൻ സർക്കാരും താലിബാൻ പ്രതിനിധികളും തമ്മിൽ സമാധാന ചർച്ചകൾ നടന്നിട്ടും രാജ്യത്ത് അക്രമ പരമ്പരകൾ തുടരുകയാണ്.