മനില: ക്രിസ്മസ് ആഘോഷങ്ങൾക്കിടയിൽ ഫിലിപ്പീൻസിൽ നാശം വിതച്ച് ഫാൻബോൺ ചുഴലിക്കാറ്റ്. 20 പേർ മരിച്ച ചുഴലിക്കാറ്റിൽ ആയിരക്കണക്കിന് ആളുകൾ വീടുകൾ വിട്ട് പോയി. നിരവധി ആളുകളെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ വീടുകൾ തകരുകയും വൈദ്യുതത്തൂണുകൾ കടപുഴകിവീണ് വൈദ്യുതി വ്യാപകമായി തടസപ്പെടുകയും ചെയ്തു.
രാജ്യത്ത് സമർ പ്രവിശ്യയിൽ ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ചു. പ്രദേശത്ത് സ്കൂളുകളും ജിംനേഷ്യവും ഉൾപ്പെയുള്ള കെട്ടിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വിനോദ സഞ്ചാര മേഖലകളിലും ബീച്ചുകളിലും നിരവധിയാളുകളാണ് കുടുങ്ങിക്കിടക്കുന്നത്. വിമാന സർവീസുകൾ റദ്ദാക്കിയതോടെ വിമാനത്താവളങ്ങളിലും ആളുകൾ കുടുങ്ങിയിരിക്കുകയാണ്. പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റും മരങ്ങൾ വീണുമാണ് കൂടുതലും മരണങ്ങൾ ഉണ്ടായത്.