ബീജിങ്: കൊവിഡ് 19 വാക്‌സിന്‍ 99 ശതമാനം വിജയകരമാകുമെന്ന് ചൈനീസ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നതായി യുകെ ബ്രോഡ്കാസ്റ്റർ സ്കൈയുടെ റിപ്പോർട്ട്. ബീജിങ് ആസ്ഥാനമായുള്ള സിനോവാക് എന്ന ബയോടെക് കമ്പനിയാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
നിലവിൽ രണ്ടാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലാണ് വാക്‌സിന്‍. 1000 രോഗികളിലാണ് പരീക്ഷണം നടത്തുന്നത്. അവസാന ഘട്ടത്തിൽ യുകെയിലും പരീക്ഷണം നടത്തുമെന്ന് കമ്പനി പറഞ്ഞതായാണ് റിപ്പോർട്ട്. വാക്‌സിന് അനുമതി ലഭിക്കുന്നതോടുകൂടി 100 ദശലക്ഷം ഡോസുകൾ വിതരണം ചെയ്യുന്നതിനായി ബീജിങ്ങിന്‍റെ മറ്റൊരു ഭാഗത്ത് വാണിജ്യ പ്ലാന്‍റും സിനോവാക് നിർമിക്കുന്നതായി സ്കൈ റിപ്പോർട്ട് ചെയ്തു. ആദ്യ ഘട്ടമെന്ന നിലയിൽ ആരോഗ്യ പ്രവർത്തകർക്കും പ്രായമായവർക്കും വേണ്ടിയാണ് ഈ വാക്‌സിന്‍ നിർമിച്ചിരിക്കുന്നത്.