ബീജിങ് : കൊവിഡ് വൈറസ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് സ്വീകരിച്ച നടപടികളെ വിമര്‍ശിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച നിയമ പ്രൊഫസർ കസ്റ്റഡിയില്‍. സു ഷാങ്‌റൂൺ എന്നയാളാണ് അറസ്റ്റിലായത്. പത്തോളം വാഹനങ്ങളില്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രൊഫസറെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. സംഭവം ഏറെ ഞെട്ടിച്ചുവെന്ന് പ്രദേശവാസിയെ ഉദ്ധരിച്ചുകൊണ്ട് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. വേശ്യവൃത്തിയില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയതിനാലാണ് അറസ്റ്റ് ചെയ്യുന്നത് എന്നാണ് പൊലീസ് സുവിന്‍റെ ഭാര്യയോട് പറഞ്ഞതെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ചൈനയില്‍ കൊവിഡ് വൈറസ് വ്യാപകമായപ്പോള്‍ പ്രസിഡന്‍റ് സ്വീകരിച്ച നടപടികള്‍ ഉചിതമല്ലായിരുന്നു എന്ന രീതിയില്‍ വിമർശിച്ച് സൂ ഫെബ്രുവരിയിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. സിന്‍ഹുവ സര്‍വകലാശാലയിലെ നിയമ പ്രൊഫസറാണ് സു ഷാങ്‌റൂൺ. പ്രസിഡന്‍റിന്‍റെ കാലാവധി പരിധി നിര്‍ത്തലാക്കാനുള്ള തീരുമാനത്തെ നേരത്തെ സു ഷാങ്‌റൂൺ വിമര്‍ശിച്ചിരുന്നു.