ബെയ്ജിങ്: കൊവിഡ് രണ്ടാം തരംഗത്തില്‍ വലയുന്ന ഇന്ത്യയ്ക്ക് എല്ലാ വിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്ത് ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഇന്ത്യയിലെ നിലവിലത്തെ കൊവിഡ് സാഹചര്യം അത്യന്തം ആശങ്ക സൃഷ്ടിക്കുന്നതാണ്.
ചൈനീസ് സര്‍ക്കാരിന്‍റെയും ജനങ്ങളുടെയും സഹായം ഇന്ത്യന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കുമൊപ്പമുണ്ടാകും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുമായി സഹകരിക്കാന്‍ ചൈന തയ്യാറാണ്. ഇന്ത്യന്‍ സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ രാജ്യത്തെ ജനങ്ങള്‍ മഹാമാരിയെ അതിജീവിക്കും. ഷീ ജിന്‍പിങ് തന്‍റെ കത്തില്‍ പറയുന്നു.
പിന്നാലെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ഫോണില്‍ സംസാരിച്ചു. മഹാമാരിയെ നേരിടാനുള്ള വസ്തുക്കള്‍ ഇന്ത്യയിലേക്കെത്തിക്കാനുള്ള തടസങ്ങള്‍ ഒഴിവാക്കി നല്‍കുമെന്ന് വാങ്ങ് യി ഉറപ്പ് നല്‍കി. ചൈനീസ് കമ്പനികളോട് ഉത്പാദനം വര്‍ധിപ്പിക്കാനാവശ്യപ്പെടും. ഇന്ത്യയിലേക്ക് അയക്കുന്ന മഹാമാരി പ്രതിരോധ വസ്തുക്കള്‍ക്ക് കസ്റ്റംസ് പരിശോധനയിലടക്കം ഇളവ് നല്‍കുമെന്നും വാങ്ങ് യി വാഗ്ദാനം നല്‍കിയിട്ടുണ്ട്. 26,000 വെന്‍റിലേറ്ററുകളും ഓക്സിജന്‍ ജനറേറ്ററുകളും 15,000 മെഡിക്കല്‍ മോണിറ്ററുകളും 3,800 ടണ്‍ മരുന്നും മറ്റ് വസ്തുക്കളും ഏപ്രിലില്‍ മാത്രം ഇന്ത്യയിലേക്കയച്ചതായി ചൈനീസ് വിദേശകാര്യ വക്താവ് വാങ്ങ് വെന്‍ബിന്‍ പറഞ്ഞു.
എറെക്കാലമായി തുടരുന്ന അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടെയാണ് കൊവിഡ് സാഹചര്യത്തില്‍ സഹായ സന്നദ്ധതയറിയിച്ച് ചൈന രംഗത്ത് വരുന്നത്. കിഴക്കന്‍ ലഡാഖിലെ തര്‍ക്ക മേഖലകളില്‍ നിന്നുള്ള സൈനിക പിന്മാറ്റ നടപടികളും പുരോഗമിക്കുകയാണ്.