ബെയ്‌ജിങ് : അഫ്‌ഗാന്‍ സര്‍ക്കാരും താലീബാനും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാന്‍ മധ്യസ്ഥതയുമായി ചൈന. ഇരു കൂട്ടരും തമ്മില്‍ ചര്‍ച്ച സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ചൈന അറിയിച്ചു. അഫ്‌ഗാനിസ്ഥാനും താലിബാനും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കം പലപ്പോഴും സൈനിക നീക്കങ്ങളിലാണ് അവസാനിച്ചിരുന്നത്. താലീബാന്‍ അനുയായികള്‍ പല തവണ അഫ്‌ഗാനിസ്ഥാനില്‍ ആക്രമണം നടത്തിയിരുന്നു. പ്രശ്‌നപരിഹാരത്തിന് അമേരിക്ക പല തവണ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ചൈന രംഗത്തെത്തിയിരിക്കുന്നത്.
എല്ലാവരുടെയും ഭാഗം കേള്‍ക്കാന്‍ തങ്ങള്‍ തയാറാണ്. മേഖലയിലെ യുദ്ധസമാനമായ സാഹചര്യത്തിന് മാറ്റം വരണമെന്നും ജനങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാന്‍ വഴിയൊരുക്കണമെന്നുമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ്ങ് വ്യക്‌തമാക്കി.
ചര്‍ച്ചകള്‍ വേദിയൊരുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അഫ്‌ഗാന്‍ സര്‍ക്കാരുമായും അഫ്‌ഗാന്‍ താലിബാനുമായും ചൈന ബന്ധപ്പെടുന്നുണ്ടെന്നും ചൈനീസ് വക്‌താവ് പറഞ്ഞു. അഫ്‌ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍മാറിയതിന് പിന്നാലെയാണ് മേഖലയില്‍ ഇടപെടലുകളുമായി ചൈന രംഗത്തെത്തിയിരിക്കുന്നത്. താലിബാന്‍റെ അധീനതയിലുള്ള പ്രദേശങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യം കൂടിയാണ് ചൈന.