ബെയ്ജിങ്: ശീതസമരകാലത്ത് കമ്മ്യൂണിസ്റ്റ് ലോകക്രമത്തിന്‍റെ നേതാവാരെന്ന് ചൊല്ലി കടിപിടി കൂടിനടന്ന രാജ്യങ്ങളാണ് റഷ്യയും ചൈനയും. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശക്തമായ സൗഹൃദം ഇരുരാജ്യങ്ങളും കെട്ടിപ്പെടുത്തിട്ടുണ്ട്. സൈനിക, സാങ്കേതിക,വ്യാപാര, പ്രകൃതി വിഭവ മേഖലകളില്‍ അമേരിക്ക നേതൃത്വം നല്‍കുന്ന ഉദാരവത്കരണ ധാരക്കെതിരായാണ് റഷ്യന്‍-ചൈനീസ് സൗഹൃദം രൂപപ്പെടുന്നത്. ചൊവ്വാഴ്ച ചൈനീസ് തലസ്ഥാനമായ ബെയ്ജിങില്‍ ഇരുരാഷ്ട്രങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുത്ത യോഗം ആഴത്തിലുള്ള സൗഹൃദത്തിന്‍റെയും പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരായ യോജിച്ച നിലപാടിന്‍റെയും പ്രകടനമായി മാറി.
മനുഷ്യാവകാശ ധ്വംസനങ്ങളെച്ചൊല്ലി ചൈനയും റഷ്യയും ഒരേപോലെ വിമര്‍ശനം നേരിടുന്ന കാലത്താണ് സെര്‍ഗെയ് ലാവ്റോവും വാങ് യീയും കൂടിക്കാഴ്ച നടത്തിയത്. തങ്ങളുടെ രാജ്യത്തെ ഏകാധിപത്യ ഭരണവ്യവസ്ഥകള്‍ക്കെതിരെ പുറത്തു നിന്നും ഉണ്ടാകുന്ന വിമര്‍ശനങ്ങളെ തള്ളിക്കളയുന്നതായി ഇരുമന്ത്രിമാരും പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, കൊവിഡ് മഹാമാരിയുടെ നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നായിരുന്നു ഇരുവരുടെയും നിലപാട്.
അമേരിക്ക മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും ഇറാനുമായുള്ള ആണവക്കരാര്‍ പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. വിഷയത്തില്‍ ജോ ബൈഡന്‍ സര്‍ക്കാര്‍ അതീവ ശ്രദ്ധയോടെ ഇടപെടുമ്പോഴാണ് ഇറാനുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന രാജ്യങ്ങളുടെ പ്രതികരണമെന്നും ശ്രദ്ധേയമാണ്. ഏകപക്ഷീയമായ ഉപരോധങ്ങള്‍ക്കെതിരെ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിലപാട് സ്വീകരിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ്ങ് യീ പറഞ്ഞു. ഇത്തരം നടപടികള്‍ അന്താരാഷ്ട്ര സമൂഹം പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ യൂണിയന്‍ നടപടിക്ക് തിരിച്ചടിയായി 10 യൂറോപ്യന്‍ പൗരന്മാര്‍ക്കും നാലോളം സ്ഥാപനങ്ങള്‍ക്കും ചൈനയും ഉപരോധം ഏര്‍പ്പെടുത്തി. ചൈനയിലും ഹോംങ്കോങ്ങിലുമടക്കം പ്രവേശിക്കുന്നതിനും ചൈനീസ് സ്ഥാപനങ്ങളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനും ഇവര്‍ക്ക് വിലക്കുണ്ട്.
ഉയിഗുര്‍ മുസ്ലിംങ്ങള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളെച്ചൊല്ലി യൂറോപ്യന്‍ യൂണിയനും അമേരിക്കയുമടക്കമുള്ള വിവിധ രാജ്യങ്ങള്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപരോധം എര്‍പ്പെടുത്തിയിരുന്നു. സിന്‍ജിയാംഗ് പ്രവിശ്യയിലെ ഉയിഗുറുകളടക്കമുള്ള മുസ്ലിം വിഭാഗങ്ങള്‍ തൊഴില്‍ പരിശീലനങ്ങളിലും തീവ്രവാദ വിരുദ്ധ ക്ലാസുകളിലും സ്വയം സന്നദ്ധരായി പങ്കെടുക്കുകയാണെന്നാണ് ചൈനീസ് വാദം. ജയിലുകള്‍ക്ക് സമാനമായ ക്യാമ്പുകളില്‍ ലക്ഷക്കണക്കിന് മനുഷ്യരെ പാര്‍പ്പിച്ചിരിക്കുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്വന്തം സംസ്കാരവും മതവും ഉപേക്ഷിക്കാനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടും പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങിനോടും കൂറ് പുലര്‍ത്താനുമാണ് പരിശീലനങ്ങള്‍. ഉയിഗുറുകളുടെ നിര്‍ബന്ധിത വന്ധീകരണവും ക്യാമ്പുകളില്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം ആരോപണങ്ങളെല്ലാം ചൈനീസ് അധികൃതര്‍ തള്ളിക്കളയുകയാണ്. സിന്‍ജിയാംഗില്‍ നടക്കുന്ന സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് അതിക്രമങ്ങളെയും ചൈന ന്യായീകരിക്കുന്നുണ്ട്. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനായെന്നാണ് അധികൃതരുടെ വാദം.
സര്‍ക്കാര്‍ സംവിധാനങ്ങളിലും തെരഞ്ഞെടുപ്പ് നടപടികളും പരിഷ്കരണം ആവശ്യപ്പെട്ട് റഷ്യയിലും പ്രതിഷേധം തുടരുകയാണ്. പ്രസിഡന്‍റ് വ്ളാദിമിര്‍ പുട്ടിന്‍റെ ഏകാധിപത്യ നിലപാടുകള്‍ക്കെതിരെ ആയിരങ്ങളാണ് തെരുവിലിറങ്ങുന്നത്. പുടിന്‍ വിമര്‍ശകന്‍ അല്കസീ നവാല്‍നിയ്ക്കെതിരെ ഉണ്ടായ രാസായുധ പ്രയോഗത്തിലും പിന്നാലെ നടന്ന അറസ്റ്റിലും വന്‍ പ്രതിഷേധം റഷ്യയിലുണ്ടായി. പ്രക്ഷോഭകര്‍ക്കെതിരായ അതിക്രൂരമായ അടിച്ചമര്‍ത്തല്‍ നടപടികളില്‍ വന്‍ പ്രതിഷേധമാണ് അന്താരാഷ്ട്ര തലത്തിലുണ്ടായത്. റഷ്യന്‍ ഉന്നതര്‍ക്കെതിരെ യൂറോപ്യന്‍ യൂണിയനടക്കം ഉപരോധം ഏര്‍പ്പെടുത്തുന്ന സാഹചര്യവും പിന്നീടുണ്ടായിരുന്നു.