ബീജിങ്: ചൈനയിൽ 35 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഹുബെ പ്രവിശ്യയിൽ വൈറസ് ബാധിച്ച് ആറ് പേർ കൂടി മരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,318 ആയി ഉയർന്നു.
രാജ്യത്ത് അസിംപ്‌റ്റോമാറ്റിക് കേസുകളാണ് പൊതുവിൽ റിപ്പോർട്ട് ചെയ്യുന്നതെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു. രോഗലക്ഷണങ്ങളൊന്നും കാണിക്കാത്തവരാണ് അസിംപ്‌റ്റോമാറ്റിക് കൊവിഡ് കേസുകൾ. അസിംപ്‌റ്റോമാറ്റിക് കേസുകളുള്ള എല്ലാവരെയും 14 ദിവസത്തെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൈനയിൽ കൊവിഡ് 19 ബാധിച്ച 1,132 രോഗികൾ വിവിധ ആശുപത്രികളിൽ ഇപ്പോഴും ചികിത്സയിലാണ്. ഇതിൽ 280 പേർ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ആകെ 67,802 കൊവിഡ് 19 കേസുകളാണ് ചൈനയിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 50,007 പേർ വുഹാനിൽ നിന്നുള്ളവരാണെന്ന് സർക്കാർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.