ബെയ്ജിങ്: ചൈനയിൽ 28 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതിയതായി വൈറസ് സ്ഥിരീകരിച്ചവരിൽ രോഗ ലക്ഷണങ്ങൾ ഇല്ലായിരുന്നു. പുതിയതായി വൈറസ് സ്ഥിരീകരിച്ച 22 പേരും കൊവിഡ് 19ന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ നിന്നുള്ളവരാണെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. ഇതോടെ രോഗലക്ഷണങ്ങൾ ഇല്ലാതെ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 404 ആയി. ഇതിൽ 27 പേർ ചൈനക്ക് പുറത്ത് നിന്നുള്ളവരാണ്.
വുഹാൻ നഗരത്തിലെ 11.2 ദശലക്ഷത്തിലധികം ആളുകളിൽ ന്യൂക്ലിക് ആസിഡ് പരിശോധന നടത്താൻ ഉദ്യോഗസ്ഥർ തീരുമാനിച്ചു. ചൊവ്വാഴ്ച ഹൂബൈ പ്രവിശ്യയിൽ അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ ആരോഗ്യ സ്ഥിതി ഗുരുതരാവസ്ഥയിലാണെന്ന് പ്രാദേശിക ആരോഗ്യ കമ്മീഷൻ അറിയിച്ചു. പുതിയതായി രോഗം സ്ഥിരീകരിക്കുന്നവർക്ക് പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാൽ ഇത് മറ്റുള്ളവരിലേക്കും രോഗം വേഗത്തിൽ പകരാൻ കാരണമാകും. ചൈനയിലെ കൊവിഡ് ബാധിതരുടെ എണ്ണം 82,993 ആയി. വൈറസ് ബാധിച്ച് രാജ്യത്ത് ഇതുവരെ 4,634 പേർ മരിച്ചു.