ബീജിങ്: മുൻനിര ആരോഗ്യപ്രവർത്തകരെ ഉൾപ്പെടുത്തി വുഹാനിൽ അടിയന്തര കൊവിഡ് വാക്സിനേഷൻ ആരംഭിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ. 15 ജില്ലകളിലെ 48 തെരഞ്ഞെടുത്ത ക്ലിനിക്കുകളിൽ വാക്സിനേഷന് സൗകര്യമൊരുക്കിയിട്ടുണ്ട്. വാക്സിൻ സ്വീകരിക്കുന്നവർ നാല് ആഴ്ച ഇടവേളയിൽ രണ്ട് തവണ വാക്സിനേഷൻ എടുക്കണമെന്നും അധികൃതർ അറിയിച്ചു. ചൈനയിൽ 11 കൊവിഡ് വാക്സിനുകൾ വിവിധ ഘട്ടങ്ങളിൽ പരീക്ഷണത്തിലാണ്.
ചൈനയിൽ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം തിങ്കളാഴ്ച 87,003 ആയി. 348 രോഗികൾ ചികിത്സയിൽ തുടരുകയാണ്. 82,021 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. മൊത്തം കൊവിഡ് മരണസംഖ്യ 4,634 ആണ്.
അതേസമയം, ആഗോളതലത്തിൽ കൊവിഡ് കേസുകളുടെ എണ്ണം 80.7 ദശലക്ഷമായി ഉയർന്നു. ആഗോള കൊവിഡ് മരണസംഖ്യ 1.76 ദശലക്ഷത്തിലെത്തിയതായി ജോൺസ് ഹോപ്കിൻസ് സർവകലാശാല റിപ്പോർട്ട് ചെയ്തു.