ബീജിങ്: ഗാൽവാൻ താഴ്‌വരയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി സൈനികർ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ. ചൈനീസ് സൈന്യം കൂടാരങ്ങൾ നീക്കം ചെയ്യുകയും ഗാൽവാൻ താഴ്‌വരയിലെ ചില പ്രദേശങ്ങളിൽ നിന്ന് പിന്നോട്ട് നീങ്ങുകയും ചെയ്തതായി സൈന്യം അറിയിച്ചു.
പട്രോളിങ് പോയിന്‍റിൽ ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമി കൂടാരങ്ങളും ഘടനകളും നീക്കം ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇരുരാജ്യത്തിന്‍റെയും കോർപ്സ് കമാൻഡർമാർ തമ്മിലുള്ള കരാർ പ്രകാരമാണ് ചൈനീസ് സൈനികരെ പിരിച്ചുവിടാൻ തുടങ്ങിയത്. ജൂൺ 30ന് ഇന്ത്യൻ, ചൈനീസ് സൈന്യങ്ങൾ മൂന്നാം ഘട്ട ലെഫ്റ്റ്നന്‍റ് ജനറൽ ലെവൽ ചർച്ചകൾ നടത്തിയിരുന്നു. കഴിഞ്ഞ ഏഴ് ആഴ്ചയായി കിഴക്കൻ ലഡാക്കിലെ ഒന്നിലധികം സ്ഥലങ്ങളിൽ ഇന്ത്യൻ, ചൈനീസ് സൈന്യങ്ങൾക്കിടയിൽ കടുത്ത ഏറ്റുമുട്ടൽ നടന്നിരുന്നു. ജൂൺ 15 ന് ഇരുസൈന്യങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.