ഇസ്ലാമാബാദ്: നവാസ് ഷെരീഫിന്‍റെ ലണ്ടൻ റെസ്റ്റോറന്‍റിൽ നിന്നുള്ള ഫോട്ടോയിൽ പാകിസ്ഥാന്‍ തെഹരിക് ഇ ഇന്‍സാഫ് സർക്കാരിനും സംശയം. കഴിഞ്ഞ നവംബറിൽ വിദഗ്‌ധ ചികിത്സക്കായാണ് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ലണ്ടനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ലണ്ടൻ റെസ്റ്റോറന്‍റിൽ നിന്നും കുടുംബാംഗങ്ങൾക്കൊപ്പം നിൽക്കുന്ന നവാസ് ഷെരീഫിന്‍റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. ഏറെ പ്രചാരം നേടിയ ഈ ഫോട്ടോയെ നിലവിലെ പാക് ഭരണകൂടവും സംശയ ദൃഷ്‌ടിയോടെയാണ് കാണുന്നത്.
ഫോട്ടോ വൈറലായതോടെ ഭരണകൂടം നവാസ് ഷെരീഫിന്‍റെ സ്വകാര്യ വൈദ്യനായ അദ്‌നാൻ ഖാനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഡോക്‌ടർമാർ നിർദേശിച്ചതിനാലാണ് പുറത്ത് ഇറങ്ങിയത്. ഇതിന്‍റെ ഭാഗമായി ഞായറാഴ്‌ച കുടുംബാഗങ്ങളോടൊപ്പം റെസ്റ്റോറന്‍റിൽ പോകുകയായിരുന്നുവെന്ന് ലണ്ടനിൽ നിന്നും പിഎംഎൽ-എൻ നേതാവ് വിശദീകരണം നൽകിയിട്ടുണ്ട്.
പാക് ഫെഡറൽ സയൻസ് മന്ത്രി ഫവാദ് ചൗദരിയാണ് നവാസ് ഷെരീഫിന്‍റെ വൈറലായ ഫോട്ടോ തന്‍റെ ട്വിറ്ററില്‍ പങ്കുവെച്ചു. ലണ്ടനിലെ തീവ്രപരിചരണ വിഭാഗത്തിൽ കൊള്ളയ്ക്കെതിരായ ചികിത്സ നടക്കുന്നുണ്ടെന്നും അവിടെയുള്ള എല്ലാ രോഗികൾക്കും സുഖം തോന്നുന്നുണ്ടെന്നും ഫവാദ് ചൗദരി പരിഹസിച്ചു. ഇസ്ലാമാബാദിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അധ്യക്ഷത വഹിച്ച യോഗത്തിലും ചിത്രം ചർച്ച ചെയ്യപ്പെട്ടു. ഷെരീഫിന് വൈദ്യചികിത്സക്കായി ലണ്ടനിലേക്ക് പോകാൻ കോടതി അനുവദിച്ച നാലാഴ്ചത്തെ കാലാവധി അവസാനിച്ചെങ്കിലും 2019 ഡിസംബർ 23 ന് കാലാവധി നീട്ടി നല്‍കിയിരുന്നു.