ധാക്ക: 'ഉംപുൻ'ചുഴലിക്കാറ്റ് തെക്കൻ തീരങ്ങളിലേക്ക് അടുക്കുമ്പോൾ 20 ലക്ഷം ആളുകളെ ഒഴിപ്പിക്കാൻ ബംഗ്ലാദേശ് ഉത്തരവിട്ടു. ഏറ്റവും ദുർബലമായ 19 തെക്കുപടിഞ്ഞാറൻ തീര ജില്ലകളിൽ ജില്ലാ ഭരണകൂടം എല്ലാ തയാറെടുപ്പുകളും നടത്താൻ ആവശ്യപ്പെട്ടതായി ദുരന്തനിവാരണ മന്ത്രാലയം സെക്രട്ടറി ഷാ കമാൽ പറഞ്ഞു. 18 മുതൽ 20 ലക്ഷം പേരെ സുരക്ഷിതമായ 13,078 അഭയകേന്ദ്രങ്ങളിലേക്ക് മാറ്റാൻ പ്രാദേശിക അധികാരികൾക്ക് നിർദേശം നൽകിയതായി കമൽ പറഞ്ഞു. പശ്ചിമ പസഫിക്കിലെ കാറ്റഗറി നാലിൽ ഉൾപ്പെടുന്ന അറ്റ്ലാന്‍റിക് ചുഴലിക്കാറ്റിനോ സൂപ്പർ ടൈഫൂണിനോ തുല്യമായ ശക്തിയുള്ളതാണ് 'ഉംപുൻ' എന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.
തുറമുഖങ്ങളായ മോങ്‌ല, പെയ്‌റ എന്നിവയുടെ പരിധിയിൽ വരുന്ന പ്രദേശങ്ങൾക്ക് അപകട സിഗ്നൽ നമ്പർ ഏഴ് നൽകി. തെക്കുകിഴക്കൻ തീരങ്ങളിലെ ചോട്ടോഗ്രാം, കോക്സ് ബസാർ എന്നീ രണ്ട് തുറമുഖങ്ങൾക്ക് അപകട സിഗ്നൽ നമ്പർ ആറ് ഉയർത്താൻ നിർദേശം നൽകി. ബംഗാൾ ഉൾക്കടലിലെ ശക്തമായ ചുഴലിക്കാറ്റ് ഇന്ത്യയിലേക്കും ബംഗ്ലാദേശിലെ തീരപ്രദേശങ്ങളിലേക്കും നീങ്ങുകയാണെന്നും ഇത് ഇരു രാജ്യങ്ങളിലും വലിയ നാശനഷ്ടങ്ങൾക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. മെയ് 20ന് ചുഴലിക്കാറ്റ് തീരപ്രദേശങ്ങളിൽ എത്താൻ സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ച വൻതോതിൽ കുടിയൊഴിപ്പിക്കൽ നടത്താൻ തയാറായതായി ദുരന്തനിവാരണ മന്ത്രാലയം അധികൃതർ അറിയിച്ചു. 30 അടി വരെ ഉയരത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കൊവിഡ് വൈറസിന്‍റെ മാനദണ്ഡങ്ങൾ പ്രകാരം സാമൂഹിക അകലം പാലിച്ചായിരിക്കും അഭയകേന്ദ്രങ്ങളിലേക്ക് മാറ്റുക.