അഞ്ച് വര്‍ഷം കൊണ്ട് ഇരുപത് ലക്ഷം പൂച്ചകളെ കൊന്നൊടുക്കാനൊരുങ്ങി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. പൂച്ചകളുടെ എണ്ണം ക്രമാധീതമായ വര്‍ധിച്ചതും ചെറു ജീവികളെ പൂച്ചകള്‍ ധാരാളമായി കൊന്നൊടുക്കുന്നതും മൂലമാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്.
നിലവില്‍ ഉടമസ്ഥരില്ലാത്ത 60 ലക്ഷത്തോളം പൂച്ചകളാണ് ഓസ്ട്രേലിയയില്‍ ഉള്ളത്. ഇവ പെരുകിയത് മൂലം മറ്റ് ചെറു ജീവികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. 2015 മുതലാണ് പൂച്ചകളെ കൊല്ലാനുള്ള പദ്ധതി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ തുടങ്ങി വെച്ചത്. ആദ്യ വര്‍ഷം തന്നെ 2,11,560 പൂച്ചകളെ കൊന്നൊടുക്കിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ വെടിവെച്ചായിരുന്നു പൂച്ചകളെ കൊന്നിരുന്നത് എന്നാല്‍ ഇപ്പോള്‍ വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കിയാണ് ഇവയെ കൊല്ലുന്നത്.
അതേസമയം മറ്റ് ജീവികളെ സംരക്ഷിക്കാനായി പൂച്ചകളെ കൊന്നൊടുക്കുന്നതിനെതിരെ പരിസ്ഥിതിവാദികള്‍ രംഗത്തെത്തിയിട്ടുണ്ട്. വന്‍ തോതിലുള്ള നഗരവത്ക്കരണവും വനനശീകരണവുമാണ് ജീവകളുടെ നാശത്തിന് കാരണമെന്നാണ് ഇവരുടെ വാദം.