ഹേഗ്: അന്താരാഷ്ട്ര നീതി ന്യായകോടതിയില്‍ റോഹിങ്ക്യന്‍ മുസ്ലീംങ്ങള്‍ക്കെതിരെ നടത്തിയ വംശഹത്യയെ ന്യായീകരിച്ച് മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂചി. ആരോപണം തികച്ചും ശരിയല്ലെന്നും അപൂര്‍ണമാണെന്നും അവര്‍ പറഞ്ഞു. ആഫ്രിക്കന്‍ രാജ്യമായ ഗാംബിയ ആണ് മ്യാന്‍മറിലെ വംശഹത്യക്കെതിരെ കോടതിയെ സമീപിച്ചത്.
നിരവധി റോഹിങ്ക്യകള്‍ താമിസിച്ചിരുന്ന മ്യാന്‍മറിലെ ഒരു സംസ്ഥാനമായ റാഖൈനിലെ പ്രശ്‌നങ്ങൾ നൂറ്റാണ്ടുകൾ പഴക്കമുള്ളതാണെന്നും സൂചി കോടതിയില്‍ പറഞ്ഞു. റാഖൈന്‍ ഭീകരവാദ ഭീഷണി നേരിടുന്ന സ്ഥലമാണെന്നും സൈന്യത്തിന് നേരെ നടത്തിയ ആക്രമണങ്ങളില്‍ തരിച്ചടിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സൂചി കോടതിയില്‍ വിശദീകരിച്ചത്. തടവിലായിരുന്ന ഭീകരവാദികള്‍ മോചനം നേടി പുറത്തിറങ്ങിയതിന് ശേഷം കൂട്ട ആക്രമണം നടത്തുകയായിരുന്നുവെന്നും തുടര്‍ന്ന് ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുകയായിരുന്നുവെന്നും സൂചി കോടതിയില്‍ പറഞ്ഞു. മ്യാന്‍മര്‍ സൈന്യം യുദ്ധക്കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ വിചാരണക്ക് വിധേയമാകേണ്ടതാണ്. കുറ്റം തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടേണ്ടതാണ്. റാഖൈനില്‍ നിന്നും പലായനം ചെയ്തവരെ സുരക്ഷിതമായി തിരിച്ചയക്കുന്നതിന് മ്യാന്‍മര്‍ പ്രതിജ്ഞാബദ്ധമാണ്. സംഘര്‍ഷം രൂക്ഷമാക്കുന്ന നടപടികള്‍ ഒഴിവാക്കണമെന്നും സൂചി പറഞ്ഞു.
സംഭവത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ഒരു ചിത്രം നല്‍കാനാണ് ഗാംബിയയുടെ ശ്രമം. വസ്തുതാപരമായ കാര്യങ്ങളെ വളച്ചൊടിക്കുകയാണ്. ഇക്കാര്യത്തില്‍ നിയമത്തിന്‍റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് തനിക്ക് ഉറപ്പു നല്‍കാന്‍ കഴിയും. റൈഖൈനില്‍ ജീവിക്കുന്ന റോഹിങ്ക്യന്‍ മുസ്ലീങ്ങളില്‍ പലരും അയല്‍ രാജ്യമായ ബംഗ്ലാദേശില്‍ സുരക്ഷക്കായി അഭയം പ്രാപിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. റോഹിങ്ക്യന്‍ അഭയാര്‍ഥികളെ അടിച്ചമര്‍ത്തുകയും നരഹത്യ നടത്തുകയും ചെയ്തതിനെ ആഭ്യന്തര സംഘര്‍ഷമാണെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുകയായിരുന്നു സൂചി.
അതേസമയം കൂട്ടബലാത്സംഗം, പീഡനം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി സുരക്ഷാ സേനക്കെതിരെയുള്ള കേസുകളും സാക്ഷ്യപത്രങ്ങളും ഗാംബിയയിലെ അഭിഭാഷകര്‍ കോടതിയില്‍ സൂചിക്കെതിരായി നിരത്തി. കേസില്‍ മൂന്ന് ദിവസത്തെ വാദം ആണ് അന്താരാഷ്ട്ര നീതിന്യായ കോടതി കേള്‍ക്കുക. ആദ്യ ദിവസം തന്നെ പരമാവധി പ്രതിരോധം നടത്തിയാണ് സൂചി കോടതിയില്‍ മറുപടി നല്‍കിയത്. കേസില്‍ വാദം പൂര്‍ത്തിയാകുന്നതുവരെ റോഹിങ്ക്യന്‍ ജനതക്ക് സംരക്ഷണം നല്‍കണമെന്ന് ഗാംബിയക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചു. 1948 ലെ കരാര്‍ പ്രകാരം ഏത് രാജ്യത്തായാലും ഇത്തരം വംശഹത്യകള്‍ തടയേണ്ടത് ഓരോ രാജ്യത്തിന്‍റേയും കടമയാണെന്നും ഗാംബിയന്‍ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. കാനഡ, നെതര്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇത്തരം വംശഹത്യകള്‍ക്കെതിരാണ്. അതേസമയം ചരിത്രത്തില്‍ തന്നെ ഞെട്ടിക്കുന്ന നിമിഷങ്ങളാണ് ഇപ്പോള്‍ കടന്നു പോകുന്നതെന്നാണ് സൂചിയുടെ വിശദീകരണത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ച ഗാംബിയയിലെ വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍ പ്രതികരിച്ചത്. ഇത്തരം നുണകളും വഞ്ചനകളും കേട്ട് ലജ്ജിക്കുന്നുവെന്നും നേതാക്കള്‍ പ്രതികരിച്ചു.
2017ലെ വംശഹത്യയില്‍ നൂറ് പേര്‍ മരിക്കുകയും എട്ട് ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാകുകയും ചെയ്തു. ഇന്നലെ സൂചി കോടതിയിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി തലസ്ഥാനമായ നയ്‌പിഡാവില്‍ സൂചിക്ക് ഐക്യദാഢ്യം പ്രഖ്യാപിച്ച് നൂറ് കണക്കിന് പേര്‍ പങ്കെടുത്ത റാലി നടന്നു. സൂചിയുടെ ക്ഷണ പ്രകാരം ചൈനീസ് വിദേശ കാര്യമന്ത്രിയും എത്തിയിരുന്നു. സൂചിക്ക് പിന്തുണ പ്രഖ്യാപിച്ച് അവരുടെ മുഖം പതിച്ച ടീ ഷര്‍ട്ടുകൾ അണിഞ്ഞാണ് ആളുകൾ റാലിയില്‍ പങ്കെടുത്തത്. മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്ലീംങ്ങള്‍ക്കെതിരായ പട്ടാള നടപടിക്ക് സൂചി കൂട്ടു നിന്നതില്‍ പ്രതിഷേധിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ സൂചിക്ക് നല്‍കിയ പരമോന്നത പുരസ്കാരം തിരിച്ചെടുത്തിരുന്നു.