ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുദ്ധ സജ്ജമായിരിക്കാനും പരിശീലനം ഊര്‍ജിതമാക്കാനും സേനക്ക് നിര്‍ദേശം നല്‍കി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൊവിഡ് 19 ചൈനയുടെ സുരക്ഷയേയും വികസനത്തേയും സാരമായി ബാധിച്ചു. രോഗവ്യാപനത്തെ ശാസ്‌ത്രീയമായി നേരിടുന്നതിനൊപ്പം സൈനിക പോരാട്ടത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്താനും പരിശീനലം ഊര്‍ജിതമാക്കാനും അദ്ദേഹം പറഞ്ഞു.
കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗാല്‍വാന്‍ താഴ്‌വര, പാംഗോങ് ട്‌സോ തടാകം, ഡെംചോക് പ്രദേശങ്ങളില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈന്യം മുഖാമുഖം നില്‍ക്കുകയാണ്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഡല്‍ഹിയിലെ പ്രതിരോധ മന്ത്രാലയത്തില്‍ ഉന്നതതലയോഗം ചേർന്നിരുന്നു. ബുധനാഴ്ച രാവിലെ ആരംഭിക്കുന്ന ആർമി കമാൻഡേഴ്‌സ് കോൺഫറൻസിൽ സ്ഥിതിഗതികൾ ചർച്ചചെയ്യുമെന്നാണ് സൂചന.